നിയമസഭക്ക് മുന്നിലെ എം.എല്‍.എമാരുടെ സമരം; പ്രതിപക്ഷം നിലപാട് ശക്തമാക്കും
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരേ പ്രതിപക്ഷം നിലപാട് ശക്തമാക്കും. ഇതോടെ യു.ഡി.എഫ് എം.എല്‍എമാരുടെ സത്യഗ്രഹം , നിരാഹാര സമരമാക്കിയേക്കും.
എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, ജയരാജ് എന്നിവര്‍ നിയമസഭക്കു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ സഭയില്‍ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
സ്പീക്കറുടെ ചേമ്പറില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ പറഞ്ഞിരുന്നു. സ്പീക്കര്‍ ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ അയവുണ്ടാകാത്തതാണ് ചര്‍ച്ചയിലേക്ക് കടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചു പോകാന്‍ കഴിയാത്ത അവസ്ഥ യു.ഡി.എഫിനുണ്ട്. മാത്രമല്ല ബി.ജെ.പിയുടെ സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും സമാനമായ വിഷയം ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ഈ സാഹചര്യത്തില്‍ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാതെ കൂടുതല്‍ ശക്തമാക്കണമെന്നാണ് യു.ഡി.എഫിനുള്ളിലെ അഭിപ്രായം.
ഇനി സഭ പിരിയാന്‍ നാല് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നതിനാല്‍ എം.എല്‍.എമാരുടെ സമരം നിരാഹാര സമരമാക്കി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഇതുപ്രകാരമാണെങ്കില്‍ രാവിലെതന്നെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനു ശേഷം പുറത്തിറങ്ങി എം.എല്‍.എമാരുടെ സമരം നിരാഹാര സമരമായി പ്രഖ്യാപിക്കും. സഭാ സമ്മേളനം പൂര്‍ത്തിയാകുന്നതോടെ നിരാഹാര സമരം അവസാനിപ്പിച്ച് നിയമസഭക്കു പുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."