കുഴിയില്‍ വീണ യുവാവിന്റെ മരണം: കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി ഹൈക്കോടതി, പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍
കൊച്ചി: പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ യുവാവിന്റെ കുടുംബത്തോട്് ഹൈക്കോടതി ക്ഷമ ചോദിച്ചു. കേരളത്തിലെ എല്ലാ സംവിധാനങ്ങളുടെയും പേരിലാണ് മാപ്പു ചോദിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ യാത്ര കാറില്‍. പാവങ്ങളുടെ യാത്ര കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലുമാണ്. എന്നാല്‍ ഈ ഉദ്യോഗസ്ഥരെ വിശ്വാമില്ലെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം മരിച്ച യദുലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുത്തു. അപകടസ്ഥലവും സന്ദര്‍ശിച്ചു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ ഇന്നലെതന്നെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരി രംഗത്തുവന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അപകടത്തിന് ഉത്തരവാദിത്തം പി.ഡബ്ല്യു.ഡിക്കാണെന്നാണ് ജല അതോറിറ്റി പറയുന്നത്. അല്ലെന്നു പി.ഡബ്ല്യു.ഡിയും വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."