ന്യായാധിപന്മാര്‍ മതപണ്ഡിതരോട് വിവരങ്ങള്‍ തിരക്കണം: ജിഫ്‌രി തങ്ങള്‍
മംഗളൂരു: മതപരമായ കാര്യങ്ങളില്‍ വിധി പറയുമ്പോള്‍ ന്യായാധിപന്മാര്‍ മത പണ്ഡിതരോട് വിവരങ്ങള്‍ തിരക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. മംഗളൂരു നെഹ്‌റു മൈതാനിയിലെ ശംസുല്‍ ഉലമാ നഗറില്‍ നടന്ന ശരീഅത്ത് സംരക്ഷണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ കാര്യങ്ങളാണെങ്കില്‍ ന്യായാധിപന്മാര്‍ അറിവുള്ള പണ്ഡിതന്മാരോട് കാര്യങ്ങള്‍ ആരായുകയും തുടര്‍ന്ന് ശ്രദ്ധയോടെ വിധി പറയുകയും ചെയ്താല്‍ രാജ്യത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകില്ലെന്നും ഇസ്‌ലാം മതം സംഘര്‍ഷം സൃഷ്ടിക്കാന്‍ ഒരിക്കലും അനുവദിക്കുന്നില്ലെന്നും തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ വിധിക്കുകയും അതുവഴി ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കുഴപ്പം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കില്ലെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും തങ്ങള്‍ പറഞ്ഞു. മുത്വലാഖ് വിഷയത്തില്‍ ത്വലാഖ് ചൊല്ലിയവനെ മൂന്നു വര്‍ഷം ജയിലിലടക്കുന്ന നിയമം രാജ്യത്ത് കൊണ്ടുവന്ന സംഭവം ഉണ്ടായി. ഇതിന് പുറമെ ശബരിമല വിഷയത്തിലും കോടതി വിധി ഉണ്ടായിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടുന്നില്ലെങ്കിലും സ്ത്രീകളുടെ വിഷയത്തില്‍ ഏറ്റവും മാന്യമായി നിയമങ്ങള്‍ ഉണ്ടാക്കിയ മതം ഇസ്‌ലാമാണ്. സ്ത്രീ സംരക്ഷണത്തിനും സുരക്ഷക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കിയ മതവും ഇസ്‌ലാമാണെന്നും തങ്ങള്‍ വ്യക്തമാക്കി.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ തെറ്റായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പൊതു പ്രവര്‍ത്തകരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും വോട്ടവകാശമുള്ള ഓരോ പ്രവര്‍ത്തകനും അത്തരം നേതാക്കളെ തിരഞ്ഞു പിടിച്ചു ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ ത്വാഖ അഹമദ് അല്‍ അസ്ഹരി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, നസീര്‍ അസ്ഹരി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."