ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി നല്‍കണം: മുഖ്യമന്ത്രി
കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിനു കേന്ദ്രം അനുമതി നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എരുമേലി കേന്ദ്രീകരിച്ചാണു ശബരിമലയില്‍ വിമാനത്താവളം ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. സാധ്യതാപഠനം നടന്നുവരുന്ന ശബരിമല വിമാനത്താവളത്തിനു കേന്ദ്രം അനുമതി നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി വിവരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവാണ് അന്നു വിമാനത്താവളത്തിനു സ്ഥലംവിട്ടുനല്‍കിയത്. അതു പിന്നീട് സര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റി. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാതെ സംസ്ഥാന സര്‍ക്കാരിനു വിട്ടുനല്‍കിയാല്‍ അതു ലാഭകരമായി നടത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു ചിന്തയുണ്ടെങ്കില്‍ അതും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ട് എന്ന് തെളിയിക്കുന്നതാണു വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിലെ ജനങ്ങളുടെ സാന്നിധ്യം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനു പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്യാപ്റ്റന്‍ കൃഷ്ണന് നായരെ പോലുള്ളവരും വലിയ സഹായം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."