ഉംറ തീര്‍ഥാടകരുടെ മടക്കയാത്രാ സര്‍വീസുകള്‍ വൈകിയാലും റദ്ദാക്കിയാലും ഇനി മുതല്‍ നഷ്ടപപരിഹാരം
ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറക്ക് എത്തുന്ന തീര്‍ഥാടകരുടെ മടക്കയാത്രാ സര്‍വീസുകള്‍ വൈകിയാലും റദ്ദാക്കിയാലും ഇനി മുതല്‍ നഷ്ടപപരിഹാരം ലഭിക്കും. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ ഭാഗമായിട്ടാണ് തീര്‍ഥാടകര്‍ക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നത്. അതേ സമയം വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് തുക അടക്കേണ്ടത് 189 റിയാല്‍. ഒരു മാസ കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് വാങ്ങേണ്ടത്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്. അതിര്‍ത്തി പ്രവേശന കവാടങ്ങളിലും വിമാനത്താവളങ്ങളിലും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രങ്ങള്‍ വഴി പോളിസികള്‍ ദീര്‍ഘിപ്പിക്കാനാകുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍തന്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് പോളിസി പ്രകാരം തീര്‍ഥാടകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കും. കൂടാതെ മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് അയക്കാന്‍ പരമാവധി പതിനായിരം റിയാല്‍ വരെയും ലഭിക്കും. അപകടങ്ങളില്‍പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കും. മടക്കയാത്രാ സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടാല്‍ പരമാവധി 500 റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കും. സര്‍വീസുകള്‍ റദ്ദാക്കുന്ന സാഹചര്യങ്ങളില്‍ 5000 റിയാല്‍ വരെയാണ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം നഷ്ടപരിഹാരം ലഭിക്കുക. വന്‍ അപകടങ്ങളില്‍ 38 കോടി റിയാല്‍ വരെ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രി വെളിപ്പെടുത്തി.
അതേ സമയം ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തിയ വിദേശികളില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി പില്‍ഗ്രിംസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാമി കന്‍സാറ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 27 മുതലാണ് സഊദിയിലേക്ക് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം വരെ ടൂറിസ്റ്റ് വിസകള്‍ പ്രയോജനപ്പെടുത്തി രാജ്യത്ത് പ്രവേശിച്ച 1,34,000 ലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. ഇവര്‍ ഉംറ നിര്‍വഹിക്കുന്നതിന് വിസിറ്റ് വിസ പ്രയോജനപ്പെടുത്തുകയായിരുന്നു. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിന് പില്‍ഗ്രിംസ് പ്രോഗ്രാം ലക്ഷ്യമിടുന്നതായും ഡോ. റാമി കന്‍സാറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."