സഊദിയിൽ ജയിലിൽ തീപിടുത്തം; മൂന്നു മരണം, 21 പേർക്ക് പരിക്ക്
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ജയിലിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നു പേർ മരണപ്പെട്ടു. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. റിയാദിലെ അൽ മലസ് ജയിലിലെ ഏഴാം വാർഡിലാണ് തീപിച്ചു അപകടമുണ്ടായത്. അപകടം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ജയിൽ അധികൃതർ സത്വര നടപടികൾ കൈക്കൊള്ളുകയും അപകട മേഖലയിൽ നിന്നും തടവുകാരെയും മറ്റുള്ളവരെയും മാറ്റിയെന്നും ജയിൽ ഡയറക്റ്ററേറ്റ് ജനറൽ പറഞ്ഞു. അടിയന്തിര സർവ്വീസ് ഉപയോഗപ്പെടുത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതായും ഡയറക്റ്ററേറ് വ്യക്തമാക്കി.
വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നി ശമന സേന വിഭാഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയതായി മേജർ ജനറൽ അയൂബ് ബിൻ ഹിജാബ് ബിൻ നഖിത് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആവശ്യമെന്ന് കരുതുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."