സവര്‍ക്കര്‍ ചിരിക്കുമ്പോള്‍ പോരാട്ടം നിലക്കുന്നില്ല
വെള്ളം ചേര്‍ക്കാത്ത വര്‍ഗീയതയും ഗീബല്‍സിയന്‍ നുണകളുമാണ് ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വയുടെ അടിസ്ഥാന മുഖമുദ്ര. പതിറ്റാണ്ടുകളായി തങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന ഗൂഢഅജണ്ടകള്‍ ഒളിപ്പിച്ചുവച്ച് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പുറത്തെടുക്കുന്ന നടപടികള്‍ എല്ലായ്‌പ്പോഴും വിലപ്പോവണമെന്നില്ല. ഡിസംബര്‍ 11ന് പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കവെ ആഭ്യന്തര മന്ത്രി അമിത് ഷാ നല്ല പിള്ളയുടെ കുപ്പായമിട്ട് പറഞ്ഞു: ഇന്ത്യ എന്ന ആശയം എനിക്കറിയാം, ആരും എന്നെ അത് പഠിപ്പിക്കാന്‍ നോക്കേണ്ട. മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല'. പച്ചക്കള്ളം! നരേന്ദ്രമോദിയും അമിത് ഷായും ഇന്ത്യയെ പഠിച്ചത് ആര്‍.എസ്.എസിന്റെ ഗുരുമുഖത്തുനിന്നാണ്. അതായത് വിനായക് ദാമോദര്‍ സവര്‍ക്കറുടെയും മാധവ് സദാശിവ ഗോള്‍വാല്‍ക്കറുടെയും വിപത്കരമായ ചിന്തകളില്‍നിന്ന്. ആ ചിന്തകളുടെ ആകെത്തുക മുസ്‌ലിം വിരുദ്ധതയാണ്. അവരുടെ ഉന്മൂലനാശമാണ്. എന്നിട്ടും മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ല എന്ന് ഷാ തട്ടിവിട്ടാല്‍ ആരുമത് വിശ്വസിക്കാന്‍ പോകുന്നില്ല.
ഹിന്ദുരാഷ്ട്രത്തെ മുസ്‌ലിംകള്‍ ഭയക്കുന്നില്ല; കാരണം ആര്‍.എസ്.എസിന്റെ തറവാട്ട് സ്വത്തല്ല ആസേതുഹിമാചലം പരന്നുകിടക്കുന്ന പ്രവിശാലമായ ഇന്ത്യാ മഹാരാജ്യം. അതേസമയം, മറ്റേത് പൗരന്മാരെ പോലെ കടുത്ത ഉത്ക്കണ്ഠയിലാണ് 20 കോടി മുസ്‌ലിംകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്ത ആധുനിക മതേതര ജനാധിപത്യ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിപ്പിച്ചെടുത്ത് വര്‍ഗീയതയുടെ ഹോമകുണ്ഠത്തില്‍ കത്തിച്ചുകളയുമെന്ന വേവലാതി ചക്രവാളം മേഘാവൃതമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിന് പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു സംസാരിക്കവെ അമിത് ഷാ തട്ടിവിട്ടു; മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യം വിഭജിച്ചത് കൊണ്ടാണ് ഇത്തരമൊരു ബില്‍ അനിവാര്യമായി വന്നത് എന്ന്. ജവഹര്‍ലാല്‍ നെഹ്‌റു- ലിയാഖത്ത് അലിഖാന്‍ കരാര്‍ പരാജയപ്പെട്ടത് തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നിയമനിര്‍മാണമെന്നും. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കുക എന്നത് ഒരിക്കലും കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. ഏഴെട്ടുനൂറ്റാണ്ടുകാലം രാജ്യം ഭരിച്ച മുസ്‌ലിംകള്‍ ഭാവി ഇന്ത്യയില്‍ അധികാരപങ്കാളികളാവരുത് എന്ന ദുശ്ശാഠ്യത്തില്‍, വിഭജന സിദ്ധാന്തം ആദ്യമായി കരുപ്പിടിപ്പിച്ചതും പ്രചരിപ്പിച്ചതും ഹിന്ദുത്വ ആചാര്യന്‍ വി.ഡി സവര്‍ക്കറാണ്.
1923ല്‍ ഒരു പ്രബന്ധത്തിലൂടെ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത് സവര്‍ക്കറാണ്. 1940മാര്‍ച്ച് 23ലെ മുസ്‌ലിംലീഗ് ലാഹോര്‍ സമ്മേളനത്തില്‍ പാകിസ്താന്‍ പ്രമേയം അംഗീകരിക്കുന്നതിന് 17 വര്‍ഷം മുമ്പാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ടു ദേശീയതകളാണെന്നും അവര്‍ക്ക് ഒത്തൊരുമിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണെന്നും രാഷ്ട്രീയമായി ശാശ്വതപരിഹാരം കണ്ടേ മതിയാവൂ എന്നുമാണ് 1939ല്‍ ഹിന്ദുമഹാസഭയുടെ 19ാം വാര്‍ഷികസമ്മേളനം അഭിസംബോധന ചെയ്തുകൊണ്ട് സവര്‍ക്കര്‍ പറഞ്ഞത്.
നെഹ്‌റു-ലിയാഖത്ത് അലി ഖാന്‍ കരാര്‍ തകര്‍ത്തത് ആര്‍.എസ്.എസ് അല്ലാതെ മറ്റാരുമായിരുന്നില്ല. ഇന്ത്യയിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളുടെ മാഗ്‌നാകാര്‍ട്ടയായാണ് ആ കരാറിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. വിഭജനത്തിന്റെ കാലുഷ്യത്തില്‍ ശേഷിക്കുന്ന മുസ്‌ലിംകളെ മുഴുവന്‍ അറുകൊല ചെയ്തു, 'ശുദ്ധികലശം' നടത്താനായിരുന്നു ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നത്. വിഭജനത്തിന്റെ പഴുതിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള തങ്ങളുടെ ഗൂഢശ്രമങ്ങളെ പരാജയപ്പെടുത്തിയതിനാണ് സവര്‍ക്കറുടെ അരുമശിഷ്യന്‍ നാഥുറാം ഗോഡ്‌സെ മഹാത്മജിയുടെ നെഞ്ചില്‍ നിറയൊഴിച്ചത്. അതോടെ മതേതര ഇന്ത്യ തകര്‍ന്നടിയുമെന്ന ആര്‍.എസ്.എസിന്റെ കണക്കുകൂട്ടല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ തുടങ്ങിയ നിഷ്ഠുരതകളാണ് മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളും പള്ളി ധ്വംസനങ്ങളുമൊക്കെ.
ഹിന്ദുരാഷ്ട്രം എന്ന ചിരകാല സ്വപ്നം
ചരിത്രത്തിലെ തെറ്റ് തിരുത്തുകയല്ല, തങ്ങളുടെ താത്ത്വികാചാര്യന്മാര്‍ പഠിപ്പിച്ച വിഷലിപ്തവും അപകടകാരിയുമായ പ്രത്യയശാസ്ത്രം രാജ്യത്തിന്മേല്‍ അടിച്ചേല്‍പിക്കുകയാണ് മോദി- അമിത് ഷാ പ്രഭൃതികള്‍. വി.ഡി സവര്‍ക്കറും എം.എസ് ഗോള്‍വാല്‍ക്കറും വിഭാവന ചെയ്ത ഹിന്ദുരാഷ്ട്രത്തിന്റെ സാക്ഷാത്കാരത്തിനുള്ള വഴികള്‍ തേടുന്നിടത്താണ് പൗരത്വബില്ലും ദേശീയ പൗരത്വപട്ടികയുമൊക്കെ കയറിവരുന്നത്. ആര്‍.എസ്.എസ് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ഉപജ്ഞാതാവ് സവര്‍ക്കറാണ്. ഇന്നും തീവ്ര ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായി അദ്ദേഹം വാഴുന്നു. 1923ലാണ് അദ്ദേഹത്തിന്റെ രചന, 'ഹിന്ദുത്വ' പുറംലോകം കാണുന്നത്. 2024ഓടെ 'പുതിയ ഇന്ത്യ' സൃഷ്ടിക്കപ്പെടുമെന്ന മോദിയുടെയും കൂട്ടരുടെയും പ്രഖ്യാപനത്തിനു പിന്നില്‍, സവര്‍ക്കറുടെ ചിന്തയുടെ ശതാബ്ദി ഒളിഞ്ഞിരിപ്പുണ്ട്. ഒപ്പം, 1925ല്‍ സ്ഥാപിക്കപ്പെട്ട ആര്‍.എസ്.എസിന്റെ നൂറുവര്‍ഷവും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുമതത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ആക്രമണോത്‌സുകത സന്നിവേശിപ്പിക്കുകയും ചെയ്ത അപകടകാരിയായ മനുഷ്യനാണ് സവര്‍ക്കര്‍.
രാജ്യമോചനത്തിനപ്പുറം മുഖ്യശത്രുവായ മുസ്‌ലിംകളുടെമേലുള്ള ആധിപത്യവും ഏകപക്ഷീയ വിജയവുമാണ് ആ ചിത്പാവന്‍ ബ്രാഹ്മണന്‍ സ്വപനം കണ്ടത്. അതിനു ഉപോല്‍ബലകമാവുന്ന കപടസിദ്ധാന്തങ്ങള്‍ക്ക് രൂപംനല്‍കി. ഹിന്ദുരാഷ്ട്രം കൊണ്ട് വിവക്ഷിക്കുന്നത് എന്താണെന്ന് വിശദീകരിക്കുന്നിടത്ത് സവര്‍ക്കര്‍ ആഹ്വാനം ചെയ്യുന്നത് അറ്റോക്ക് നദി മുതല്‍ ഇന്ത്യന്‍ സമുദ്രം വരെയുള്ള ഭൂപ്രദേശം മുസ്‌ലിംകളുടെ കൈയില്‍നിന്ന് പിടിച്ചെടുക്കുക എന്നതാണ്. ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, ഹൈന്ദവ മതത്തെ പുനഃസ്ഥാപിക്കുക, പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും പരിപൂര്‍ണ പരിരക്ഷ നല്‍കുക. സൂക്ഷ്മമായി പരിശോധിച്ചുനോക്കൂ! മോദിയും അമിത്ഷായും മറ്റ് ടീമംഗങ്ങളും ചെയ്തുകൂട്ടുന്നത് ഇതൊക്കെ തന്നെയല്ലേ?
മുസ്‌ലിംകളെ ശത്രുവായും വെറുക്കപ്പെട്ടവരായും യുദ്ധം ചെയ്യേണ്ടവരായും അവതരിപ്പിച്ചുകൊണ്ട് രാജ്യത്ത് പോരാട്ടാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു സവര്‍ക്കര്‍. അതിന് അന്തരീക്ഷമൊരുക്കുന്ന പൗരസിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ആ സിദ്ധാന്തങ്ങളാണ് അമിത് ഷാ പൗരത്വത്തിന് മാനദണ്ഡമാക്കുന്നതും പാര്‍ലമെന്റ് വഴി നടപ്പാക്കുന്നതും. 'ഹിന്ദുത്വ' എന്ന രചനയിലൂടെ ഒരുവട്ടം കണ്ണോടിച്ചാല്‍ മനസിലാവും സവര്‍ക്കര്‍ ഹിന്ദുരാഷ്ട്രം കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്നും ആരെയാണ് ഉന്നം വയ്ക്കുന്നതെന്നും. ഹിന്ദുത്വയുടെ അനിവാര്യഘടകങ്ങളെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നതത്രയും. പിതൃഭൂമി, പുണ്യഭൂമി എന്നീ രണ്ടു ആശയങ്ങളിലൂന്നിയാണ് ഹിന്ദുരാഷ്ട്രത്തെ നിര്‍ണയിക്കുന്നതും നിര്‍വചിക്കുന്നതും. ഒരു വ്യക്തിയുടെ പൂര്‍വീകരുടെ വേരുകള്‍ ഏത് രാജ്യാതിര്‍ത്തിക്കുള്ളിലാണ് എന്ന ചോദ്യത്തിലൂന്നിയാണ് പിതൃഭൂമി എന്ന സങ്കല്‍പം ചുറ്റിത്തിരിയുന്നത്. ഒരാളുടെ മതത്തിന്റെ പ്രഭവ സ്ഥാനം ഏത് ദേശത്ത് എന്ന അന്വേഷണത്തിലാണ് പൂണ്യഭൂമിയെ കുറിച്ചുള്ള സങ്കല്‍പം രൂപപ്പെടുന്നത്. ഹിന്ദുസ്ഥാന്‍ അല്ലെങ്കില്‍ സിന്ധുസ്ഥാന്‍ എന്നൊക്കെ അദ്ദേഹം പേരിട്ടുവിളിക്കുന്ന ഭൂപ്രദേശത്ത് ജീവിക്കുന്നവരില്‍ ആരാണ് യഥാര്‍ഥ ഹിന്ദു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഹിന്ദുസ്ഥാനില്‍ ഉദയം ചെയ്ത എല്ലാ മതദര്‍ശനങ്ങളും ചിന്താപദ്ധതികളും ഹിന്ദുത്വയുടെ ഭാഗമാണ്. വൈദികചിന്തകള്‍, സനാതന മൂല്യങ്ങള്‍, ജൈനമതം, ബുദ്ധമതം, ലിംഗായത്ത വിശ്വാസങ്ങള്‍, ബ്രഹ്മ സമാജ്, ആര്യസമാജ്, പ്രാര്‍ഥനാ സമാജ് തുടങ്ങിയ എല്ലാ ദര്‍ശനങ്ങളും വിശ്വാസങ്ങളും ഹിന്ദുത്വയുടെ അവിഭാജ്യഘടകമാണ്. അതേസമയം ഇന്ത്യയിലെ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതര്‍, പാര്‍സികള്‍ എന്നിവര്‍ ഹിന്ദുത്വക്ക് പുറത്താണ്. ഇവരെയൊന്നും ഹിന്ദുസ്ഥാന്റെ സന്തതികളായി കാണാന്‍ പറ്റില്ല. അവരുടെ പിതൃഭൂമി ഇന്ത്യന്‍ മണ്ണാണെങ്കിലും അവരുള്‍പ്പെടുന്ന മതത്തിന്റെ വേരുകള്‍ രാജ്യത്തിനുബാഹ്യമാണ്. അതുകൊണ്ട് ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് ഇവിടെ പൂര്‍ണപൗരത്വം നല്‍കാന്‍ പാടില്ല. അവര്‍ ഹിന്ദുരാഷ്ട്രത്തിന് പുറത്താണ്. പൗരത്വനിയമഭേദഗതിയോടെ ഹിന്ദുക്കളെ മാത്രമേ അമിത് ഷാ ഒറ്റപ്പെടുത്തിയിട്ടുള്ളുവെങ്കിലും ക്രിസ്ത്യാനികളും പാര്‍സികളും സവര്‍ക്കറുടെ കണ്ണില്‍ ഈ രാജ്യത്ത് ജീവിക്കാന്‍ കൊള്ളുന്നവരല്ല.
സവര്‍ക്കറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആര്‍.എസ്.എസ് താത്ത്വികാചാര്യനും രണ്ടാമത്തെ സര്‍സംഘ് ചാലകുമായ എം.എസ് ഗോള്‍വാല്‍ക്കര്‍, 1939ല്‍ 'നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നത് ' എന്ന ശീര്‍ഷകത്തില്‍ വിഷലിപ്തവും ഫാസിസ്റ്റ് കാഴ്ചപ്പാടിലധിഷ്ഠിതവുമായ രചന പുറത്തിറക്കുന്നത്. തന്റെ സ്വപ്നത്തിലുള്ള ഹിന്ദുരാഷ്ട്രത്തെ കുറിച്ച് വിശദീകരിക്കുന്നിടത്തെല്ലാം നാസിജര്‍മനിയെയും ഫാസിസ്റ്റ് ഇറ്റലിയെയുമാണ് ഗോള്‍വാല്‍ക്കര്‍ അനുധാവനം ചെയ്യുന്നത്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയുള്ള ഒരു ഹിന്ദുരാഷ്ട്രത്തിലെ പൗരന്മാരെയാണ് അദ്ദേഹം 'നമ്മള്‍ ' എന്ന് വിളക്കുന്നത്. എന്താണ് 'സ്വരാജ്' എന്നതിന്റെ അര്‍ഥം 'സ്വ' എന്നാല്‍ നമ്മള്‍. സ്വരാജ് എന്നാല്‍ നമ്മുടെ സാമ്രാജ്യം. നമ്മള്‍ എന്നാല്‍ ഹിന്ദുക്കള്‍. അപ്പോള്‍ സ്വരാജ് എന്നത് ഹിന്ദുരാഷ്ട്രം.
സവര്‍ക്കറും ഗോള്‍വാല്‍ക്കറും സ്വപ്നത്തില്‍ കണ്ട ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കുന്ന തിരക്കിലാണ് മോദിയും അമിത്ഷായും. പൗരത്വം കൊണ്ടുള്ള കളിയില്‍നിന്ന് മനസിലാക്കേണ്ടത് ഇത് ഹിന്ദുരാഷ്ട്രമാണെന്നും മുസ്‌ലിംകള്‍ക്ക് രണ്ടാംകിട പൗരന്മാരായി വേണമെങ്കില്‍ ഇവിടെ ജീവിക്കാമെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന സമയം ആഗതമായിരിക്കുന്നുവെന്നാണ്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്ന് യൂറോപ്യന്‍ വന്‍ശക്തി രാജ്യങ്ങളുടെ ജനസംഖ്യയെ കടത്തിവെട്ടും ഇന്ത്യയിലെ മുസ്‌ലിംസംഖ്യ. ലോകത്തിന് അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ പറ്റുന്നതല്ല ഹിന്ദുത്വഭരണകൂടം മുസ്‌ലിംകളുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് മുന്നില്‍ കൊണ്ടിടുന്ന ഈ പ്രതിസന്ധി. സന്ധിയില്ലാ സമരത്തിലൂടെ, ജനാധിപത്യനിയമ മാര്‍ഗത്തിലൂടെ നഷ്ടപ്പെട്ട ഇന്ത്യയെ തിരിച്ചുപിടിക്കുകയേ നിവൃത്തിയുള്ളൂ. മതേതരപോരാട്ടത്തിന്റെ പടഹധ്വനി അഷ്ടദിക്കുകളില്‍നിന്ന് ഉയരാതിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."