ആയിശ ഉമ്മയെ ഒടുവില്‍ 'സോഷ്യല്‍മീഡിയ' കണ്ടെത്തി
പൊന്നാനി: കാണാതായ ബധിരയും മൂകയുമായ വൃദ്ധയെ ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി. പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന ആയിശ (69) യെയാണ് തൃശൂര്‍ രാമവര്‍മപുരത്തെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍നിന്നു കണ്ടെത്തിയത്.
ഇവരെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഒരു വര്‍ഷം മുന്‍പു പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിരുന്നു. അവിവാഹിതയായ ഇവര്‍ പൊന്നാനിയിലെ ബന്ധുവിട്ടിലേക്കു പോയതായിരുന്നു. രണ്ടു മാസം മുന്‍പ് ഒറ്റപ്പാലത്ത് ആരോരുമില്ലാതെ തളര്‍ന്നുവീണ ഇവരെ പൊലിസ് മാനസികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മഹിളാ കേന്ദ്രത്തിലുമാക്കി. ബധിരയും മൂകയുമായിരുന്നതിനാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചതുമില്ല. ഒന്നരമാസം മുന്‍പാണ് ഇവരെ രാമവര്‍മപുരത്തെ വൃദ്ധസദനത്തിലാക്കിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇവരുടെ ശരീരത്തില്‍ എട്ടു പവന്റെ ആഭരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ അനാഥയല്ലെന്നു പൊലിസിന് ബോധ്യമായിരുന്നു. വിലാസവും പേരും എഴുതിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പൊലിസ് നല്‍കിയ വിവരമനുസരിച്ചു കോയമ്പത്തൂരില്‍നിന്ന് ഒരാള്‍ മകനെന്നു പറഞ്ഞു വന്നെങ്കിലും അടയാളങ്ങള്‍ യോജിക്കാത്തതിനാല്‍ ഇവരെ കൂടെ പറഞ്ഞയച്ചില്ല.
ഇതിനിടെയാണ് പൊന്നാനിയിലെ ബന്ധുക്കള്‍ സോഷ്യല്‍മീഡിയവഴി വിവരമറിഞ്ഞത്. ഇതോടെ ഇന്നലെ വൈകിട്ടുതന്നെ ഇവര്‍ നേരിട്ടെത്തുകയായിരുന്നു. സഹോദരിയുടെ മക്കളുടെ കൂടെയായിരുന്നു ആയിശയുടെ താമസം. ഇവര്‍ക്കു കുണ്ടുകടവില്‍ സ്വന്തമായി ഒരു വീടുണ്ട്. ഇടയ്ക്ക് അവിടെയും താമസിക്കാറുണ്ട്. ഉറ്റവരെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആയിശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."