സൂചിയുടെ നിലപാട് അപലപനീയം
റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശഹത്യക്കും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയെന്ന യു.എന്‍ കണ്ടെത്തലിനെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നിഷേധിച്ചിരിക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവായ ആങ്‌സാന്‍ സൂചി. 1948ലെ വംശഹത്യാ ഉടമ്പടി ലംഘിച്ച് മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയായിരുന്നു മ്യാന്മര്‍ ഭരണകൂടം. ഇതിനെതിരേ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് ഹേഗിലെ ലോക കോടതിയില്‍ പരാതി നല്‍കിയത്.
മ്യാന്‍മര്‍ പട്ടാളഭരണകൂടം നടത്തിയ അതിനിഷ്ഠുരമായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും ബലാത്സംഗങ്ങളെക്കുറിച്ചും ശിശുഹത്യകളെകുറിച്ചും വിശദീകരിക്കുന്ന പരാതിയാണ് ഗാംബിയ കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ വിചാരണക്കാണ് സൂചിയെ കോടതി വിളിച്ചുവരുത്തിയത്. എന്നാല്‍ വിചാരണയിലുടനീളം ഈ 'സമാധാനദൂതിക' പട്ടാളഭരണകൂടത്തിന്റെ ചെയ്തികളെ ന്യായീകരിക്കുന്ന നിലപാടാണ് എടുത്തത്. ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വ്യക്തിയാണ് താനെന്ന ഓര്‍മപോലും ഇല്ലാതെ പട്ടാളത്തിന്റെ ക്രൂരകൃത്യങ്ങളെ ഇവര്‍ ന്യായീകരിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനതയാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്ന് ഐക്യരാഷ്ട്രസഭതന്നെ സാക്ഷ്യപ്പെടുത്തിയതാണ്. അതൊന്നും സൂചിയെ ബാധിക്കുന്നില്ലെങ്കില്‍ അവര്‍ നടത്തിയ സമരങ്ങളെല്ലാം വ്യാജമായിരുന്നു എന്നുവേണം കരുതാന്‍. മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ പട്ടാളം അതിക്രൂരമായ വംശീയഹത്യയാണ് നടത്തിയതെന്ന് യു.എന്‍.ഒവിന്റെ വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തതുമാണ്. ഇതെല്ലാം ഇപ്പോള്‍ സൂചി നിഷേധിക്കുന്നത് റോഹിംഗ്യന്‍ മുസ്‌ലിംകളോടുള്ള അവരുടെ നിലപാടായിവേണം കാണാന്‍.
2015ല്‍ മ്യാന്‍മറില്‍ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി)ക്ക് വേണ്ടിയായിരുന്നു റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ക്ക് മത്സരിക്കാന്‍ ഒരു സീറ്റ് പോലും നല്‍കാന്‍ പട്ടാളഭരണകൂടം തയാറാകാതിരുന്നപ്പോള്‍ നിശബ്ദത പാലിച്ച വ്യക്തിയാണ് സൂചി. എന്നിട്ട്‌പോലും യാതൊരു എതിര്‍പ്പും കൂടാതെ സൂചിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു റോഹിംഗ്യന്‍ മുസ്‌ലിംകള്‍. സൂചി ഭരണത്തിലെത്തിയാല്‍ തങ്ങള്‍ അനുഭവിക്കുന്ന യാതനാപൂര്‍ണ ജീവിതത്തിന് അന്ത്യമാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവരുടെ പ്രതീക്ഷകളെയെല്ലാം കടപുഴക്കുന്നതായിരുന്നു ഭരണത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ട 'സമാധാനദൂതിക'യില്‍നിന്ന് ഉണ്ടായത്.
1990ല്‍ നടന്ന തെരഞ്ഞെടുപ്പിലും സൂചിയുടെ പാര്‍ട്ടി തന്നെയായിരുന്നു ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നത്. എങ്കിലും അധികാരം കൈമാറാന്‍ പട്ടാളം തയാറായിരുന്നില്ല. 2005ല്‍ ആയിരത്തിലധികം അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത് അംഗീകരിക്കാന്‍ പട്ടാളഭരണകൂടം നിര്‍ബന്ധിതമാകുകയായിരുന്നു. എന്നാല്‍ 2008ല്‍ ഭരണഘടനയില്‍ പട്ടാളഭരണകൂടം ഭേദഗതി വരുത്തിയതിനാല്‍ പട്ടാളത്തെ ഒഴിച്ച്‌നിര്‍ത്തിക്കൊണ്ടുള്ള ഭരണാധികാരം കൈയാളാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. അതിനാല്‍തന്നെ ഭരണം ഇപ്പോഴും പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്താനും. പട്ടാളത്തിനെതിരേ സുധീരം പോരാടിയ ലോകത്തെ അതിപ്രശസ്തയായ സമരനായിക അധികാരത്തിന്റെ രുചി നുണയാന്‍ തുടങ്ങിയപ്പോള്‍ പട്ടാളത്തിന്റെ സ്തുതിപാഠകയായി മാറുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ വംശീയഹത്യ ലോകകോടതിയില്‍ സൂചി നിഷേധിച്ചത് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യാന്‍മറിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബുദ്ധമത വിശ്വാസിയുമായ മാവൂങ്ങ് സര്‍ജി പറഞ്ഞത്.
റോഹിംഗ്യന്‍ വംശഹത്യയുമായി ബന്ധപ്പെട്ടാണ് മ്യന്‍മര്‍ സൈനിക മേധാവി മിന്‍ഓങ്ഹ് ലൈങ്ങിനും മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കുമെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ ഹേഗില്‍ സൂചി പട്ടാള ഭരണകൂടത്തിന്റെ ക്രൂരതകളെ ന്യായീകരിച്ചിരിക്കുന്നത്. റോഹിംഗ്യന്‍ പട്ടാള മേധാവികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞത് നിരപരാധികളായ മനുഷ്യരെ കൊലചെയ്യുന്നതിനോട് യു.എസിന് യോജിക്കാനാവില്ലെന്നായിരുന്നു.
വര്‍ഷങ്ങളിലൂടെ താന്‍ ആര്‍ജിച്ച പൊതുവിശ്വാസമാണ് പട്ടാളഭരണകൂടം നല്‍കുന്ന സുഖസൗകര്യങ്ങളുടെ പേരില്‍ സൂചി നഷ്ടപ്പെടുത്തിയത്. മര്‍ദിതര്‍ക്ക് വേണ്ടി അവര്‍ നയിച്ച സമരങ്ങളുള്‍പ്പെടെയെല്ലാം വില അവര്‍തന്നെ നഷ്ടപ്പെടുത്തി. ഇതിനാലാണ് അവര്‍ക്ക് നല്‍കിയ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പിന്‍വലിക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നത്. 3,65,000 പേര്‍ ഓണ്‍ലൈനുകളിലൂടെയും ലോകത്തെ മനുഷ്യാവകാശ സംഘടനകള്‍ അല്ലാതെയും അവര്‍ക്ക് നല്‍കിയ സമാധാന നൊബേല്‍ സമ്മാനം തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കാനഡ അവര്‍ക്ക് നല്‍കിയ പൗരത്വം റദ്ദാക്കുകയുണ്ടായി. ലോകം ആദരിച്ച ഒരു വനിത അവരുടെ കാല്‍ചുവട്ടില്‍ നീതിക്ക് വേണ്ടി ഒരു ജനത ആര്‍ത്ത് കരയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ അവരുടെ നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി തിരിച്ചുവാങ്ങുന്നില്ലെങ്കില്‍ സമാധാന നൊബേല്‍ സമ്മാനത്തിന് എന്ത് വിലയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."