230 ദിനം, എട്ട് രാജ്യങ്ങള്‍, പതിനായിരം കിലോമീറ്റര്‍
ജപ്പാനിലേക്കുള്ള സൈക്കിള്‍
യാത്ര നാളെ തുടങ്ങും
പൊന്നാനി: 230 ദിവസമെടുത്ത് എട്ട് രാജ്യങ്ങളിലൂടെ പതിനായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയുള്ള മലയാളി യുവാക്കളുടെ ജപ്പാനിലേക്കുള്ള സൈക്കിള്‍ യാത്ര നാളെ തുടങ്ങും. രാവിലെ 7.30ന് കൊച്ചി കലൂരില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്റ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് സംഘം ജപ്പാനിലെ ടോക്കിയോവില്‍ എത്തുക.
ടോക്കിയോ ഒളിംപിക്സിനാണ് ഇവര്‍ സൈക്കിളില്‍ പുറപ്പെടുന്നത്. പൊന്നാനി വെളിയങ്കോട് സ്വദേശിയായ ഹസീബ് അഹസന്, ആലപ്പുഴ പൊറവൂരിലെ ക്ലിഫിന് ഫ്രാന്‍സിസ്, കോട്ടയം ചങ്ങനാശേരിയിലെ ഡോണ ജേക്കബ് എന്നിവരാണ് ടോക്കിയോവിലേക്ക് സൈക്കിള്‍ ചവിട്ടുന്നത്.
ക്ലിഫിനും ഡോണയുമാണ് നാളെ സൈക്കിള്‍ സവാരി തുടങ്ങുക. ബംഗളൂരുവിലുള്ള ഹസീബ് ജനുവരി 15ന് ഇവര്‍ക്കൊപ്പം ചേരും. ഒളിംപിക്സ് തുടങ്ങുന്ന 2020 ജൂലൈ 24ന് ഇവര്‍ ടോക്കിയോയിലെത്തും.
ക്ലിഫിനും ഡോണയും നേരത്തെയും ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. 2018ലെ ലോകകപ്പിന് കിഫിന് ദുബൈയില്‍നിന്ന് റഷ്യയിലെത്തിയത് സൈക്കിളിലായിരുന്നു. അന്ന് അയ്യായിരം കിലോമീറ്ററായിരുന്നു സവാരി. ക്യൂബ, മ്യാന്മര്, മെക്സിക്കൊ, ഗ്വാട്ടിമല എന്നിവിടങ്ങളിലും ക്ലിഫിന് ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്.
മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനത്തിലെ അധ്യാപകനാണ് ക്ലിഫിന് ഫ്രാന്‍സിസ്. ഐ.ടി വിദഗ്ധയായ ഡോണ നേരത്തേ ക്യൂബയിലേക്ക് ആയിരം കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. ആമസോണ്‍ ജീവനക്കാരനായ ഹസീബ് അഹസന് ഇത് ആദ്യത്തെ പരീക്ഷണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."