ക്ഷയ-അര്‍ബുദ രോഗികളുടെ പെന്‍ഷന്‍ പി.എച്ച്.സി വഴിയാക്കാന്‍ പദ്ധതി
കൊണ്ടോട്ടി: മണ്ഡലത്തിലെ ക്ഷയ-അര്‍ബുദ രോഗികളുടെ പെന്‍ഷന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാന്‍ പദ്ധതികളാവിഷ്‌ക്കരിക്കുന്നു. താലൂക്ക് ഓഫിസ് വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ തുക സമയത്തിന് ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. മാസത്തില്‍ ആയിരം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.
ക്ഷയരോഗികളേക്കാള്‍ കൂടുതല്‍ താലൂക്കില്‍ കാന്‍സര്‍ രോഗികള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. ക്ഷയരോഗികളായി കഴിഞ്ഞ മാസം 67 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയത്. എന്നാല്‍ കാന്‍സര്‍ രോഗികള്‍ നൂറിലേറെ വരും. കൂടുതല്‍ പേര്‍ ആനുകൂല്യത്തിന് അപേക്ഷകരായുമുണ്ട്.
കിടപ്പിലാകുന്ന രോഗികളെ പരിചരിച്ച് മരുന്നും ജീവിത ചെലവിലേക്കുള്ള കിറ്റുകളും നല്‍കുന്ന പദ്ധതിക്കൊപ്പം പെന്‍ഷന്‍ കൂടി നല്‍കാനാണ് തീരുമാനം. മരുന്ന് ശരീരത്തില്‍ ഏല്‍ക്കാത്ത ക്ഷയരോഗികള്‍ വരെ മണ്ഡലത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മണിയോഡറായാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇത് ചികിത്സക്ക് എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യുമ്പോള്‍ പെന്‍ഷന്‍ സമയത്തിന് രോഗികള്‍ക്ക് എത്തിക്കാന്‍ കഴിയും. ക്ഷയ രോഗികളുടെ പെന്‍ഷന്‍ സമയത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി. ഇത് പരിഹരിക്കാനാണ് പെന്‍ഷന്‍ വിതരണം ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ താലൂക്ക് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്ന് കൊണ്ടോട്ടി തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."