പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധം: മൗലാനാ മുഹമ്മദ് വലി റഹ്മാനി
കോഴിക്കോട്: പൗരത്വ ഭേദഗതി ആക്ട് നീതിനിഷേധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജന.സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട്ട് സംഘടിപ്പിച്ച നീതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്‍മാരെ പരിഭ്രാന്തരാക്കുന്ന ബില്ലാണ് ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായിരിക്കുന്നത്.
രാജ്യത്തെ റാഫേലടക്കം സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത ഭരണകൂടമാണ് സാധാരണക്കാരായവരോട് പൗരത്വം തെളിയിക്കാനുള്ള രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്.
പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും വീടും നാടും നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വിദ്യാസമ്പന്നരല്ലാത്തവര്‍ക്കും എങ്ങനെയാണ് ഇത്തരം രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ സാധിക്കുക.
ബാബരി വിഷയത്തില്‍ നീതിപൂര്‍വമായ വിധിയുണ്ടാകാന്‍ പൊതുജനങ്ങള്‍ സംഘടിക്കണം.
മസ്ജിദിന്റെ പേരില്‍ രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും മാനസികമായി അകറ്റിനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി.പി നാസറുദ്ദീന്‍ അധ്യക്ഷനായി. ഡോ.ലെനിന്‍ രഘുവംശി, പ്രൊഫ.പി കോയ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച് നാസര്‍, എം.കെ ഫൈസി, കെ.ഇ അബ്ദുല്ല, എ.വാസു, എന്‍.പി ചെക്കുട്ടി, കെ.കെ ബാബുരാജ്, കെ.കെ റൈഹാനത്ത്, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍, അബ്ദുറഹിമാന്‍ ബാഖവി, ഇ. അബൂബക്കര്‍ സംസാരിച്ചു.
സി.പി മുഹമ്മദ് ബഷീര്‍ സ്വാഗതവും ടി.കെ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."