'ക്ലാസുകളില്‍ തിരക്ക് പറ്റില്ല!'; സൗകര്യങ്ങളൊരുക്കാതെയുള്ള പ്ലസ്‌വണ്‍ സീറ്റ് വര്‍ധനവിനെതിരേ സ്‌കൂളുകള്‍
മലപ്പുറം: പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം സംബന്ധിച്ച പ്രതിഷേധം തണുപ്പിക്കാനായി മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാക്കാന്‍ നടപടിയായില്ല. 20 ശതമാനം സീറ്റ് കൂട്ടിയതിനു പുറമേ പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം രൂക്ഷമായ ജില്ലകളില്‍ അതേ ക്ലാസില്‍ 10 ശതമാനംകൂടി സീറ്റ് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കാനാകാത്തത്.
നിലവില്‍ ബാച്ച് ഒന്നില്‍ 50 എന്ന തോതിലാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ എണ്ണം. ഏകജാലക പ്രവേശന നടപടികളുടെ ഭാഗമായി എല്ലാവര്‍ഷവും ഇരുപതു ശതമാനം സീറ്റ് കൂട്ടാറുണ്ട്. ഇതുപ്രകാരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 60 വിദ്യാര്‍ഥികളാണുള്ളത്. ഇത്രയും വിദ്യാര്‍ഥികള്‍ക്കുപോലും അടിസ്ഥാന സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഒരോ ബാച്ചിലും അഞ്ചു കുട്ടികളെ ക്കൂടി പഠിപ്പിക്കണമെന്ന തീരുമാനം അംഗീകരിക്കില്ലെന്നാണ് ജില്ലയിലെ മിക്ക സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും പറയുന്നത്.
സര്‍ക്കാരിനു യാതൊരുതരത്തിലും അധിക ബാധ്യതയില്ലാതെയാണ് പത്തു ശതമാനം സീറ്റ് കൂട്ടാന്‍ തീരുമാനം. നിലവിലുള്ള ക്ലാസ് മുറികളില്‍തന്നെ കുത്തിനിറച്ച് വിദ്യാര്‍ഥികളെ ഇരുത്താനാണ് തീരുമാനം. 50 കുട്ടികള്‍ക്കുള്ള ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ 65 കുട്ടികള്‍ക്ക് എങ്ങനെ പങ്കിടാനാകുമെന്നതാണ് സ്‌കൂളുകള്‍ ഉയര്‍ത്തുന്ന ചോദ്യം. സീറ്റ് കൂട്ടാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഒരാഴ്ചയിലധികമായിട്ടും ഇതുസംബന്ധിച്ചു യാതൊരു തുടര്‍നിര്‍ദേശവും സര്‍ക്കാരോ ഹയര്‍സെക്കന്‍ഡറി വകുപ്പോ പുറപ്പെടുവിച്ചിട്ടില്ല.
ഓപ്പണ്‍ സ്‌കൂള്‍ പ്രവേശന തിയതി നീട്ടി
മലപ്പുറം: അനിശ്ചിതത്വത്തിനൊടുവില്‍ സ്‌കോള്‍ കേരള (ഓപ്പണ്‍ സ്‌കൂള്‍) പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു. പുതിയ തീരുമാനപ്രകാരം 50 രൂപ ഫൈനോടെ 16 വരെയും 250 രൂപ അധിക ഫൈനോടെ 19 വരെയുമാണ് അപേക്ഷിക്കാന്‍ അവസരം.
അപേക്ഷകള്‍ 21നകം ജില്ലാ കേന്ദ്രത്തില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെവരെ ജില്ലയില്‍ 16,500 വിദ്യാര്‍ഥികളാണ് ഓപ്പണ്‍ സ്‌കൂള്‍ റെഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളില്‍ പ്ലസ്‌വണ്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പം
മലപ്പുറം: പ്ലസ്‌വണ്‍ സീറ്റ് വര്‍ധനവിലെ അനിശ്ചിതത്വം ഏറെ ബാധിച്ചിരിക്കുന്നതു പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന പ്ലസ്‌വണ്‍ അപേക്ഷകരെയാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും സീറ്റ് കിട്ടില്ലെന്നുറപ്പിച്ചു പാരലല്‍ കോളജില്‍ ചേര്‍ന്നവര്‍ നിരവധിയാണ്.
കാത്തിരുന്നാലും പത്തു ശതമാനം സീറ്റ് കൂട്ടിയതു ഗുണംചെയ്യുമെന്നു പ്രതീക്ഷിച്ചു പ്രവേശനം നേടാതെ കാത്തിരിക്കുന്നവരും ജില്ലയിലുണ്ട്. പ്ലസ്‌വണ്‍ ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും പുതിയ സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതു വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുതിയ സീറ്റ് പ്രതീക്ഷിച്ച് ഓപ്പണ്‍ സ്‌കൂളില്‍ അപേക്ഷിക്കാതിരുന്നവര്‍ക്ക് ഇനി ഫൈനോടുകൂടിയേ പ്രൈവറ്റ് പഠനം നടത്താനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."