വിദേശനിര്‍മിത വിദേശമദ്യം ബിയര്‍ പാര്‍ലറുകളിലൂടെ നല്‍കാന്‍ അനുമതി: കേരളത്തെ മദ്യത്തില്‍ മുക്കുന്നതിനുള്ള കൊടിയ അഴിമതിയെന്ന് പ്രതിപക്ഷം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: മന്ത്രി
തിരുവനന്തപുരം: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിനുള്ള കൊടിയ അഴിമതിയാണ് വിദേശനിര്‍മിത വിദേശമദ്യം ബിയര്‍, വൈന്‍ പാര്‍ലറുകളിലൂടെ വില്‍പനക്ക് അനുവദിക്കുന്ന സര്‍ക്കാരിന്റെ തീരുമാനമെന്ന് പ്രതിപക്ഷം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ മദ്യകുംഭകോണം നടത്തുകയാണ്. നിലനില്‍ക്കുന്ന നിയമങ്ങളും മദ്യനയവും അട്ടിമറിച്ചുകൊണ്ടുള്ള നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മദ്യനയത്തിന്റെ ഭാഗമായി ബിവറേജസ് കോര്‍പറേഷന്‍ വഴി വിദേശനിര്‍മിത വിദേശമദ്യം കൊടുക്കാം എന്നു മാത്രമാണ് തീരുമാനിച്ചത്. ഇപ്പോള്‍ ബാറുകള്‍, ക്ലബുകള്‍, വിമാനത്താവള ലോഞ്ചുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ബിയര്‍ വില്‍പനശാലകള്‍ എന്നിവ വഴി വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 23നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് മന്ത്രിസഭ അറിയാതെയും മദ്യനയം അട്ടിമറിച്ചുകൊണ്ടുമുള്ള തീരുമാനമാണ്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് മദ്യ മാഫിയയുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിദേശനിര്‍മിത വിദേശമദ്യം ബിവറേജസ് കോര്‍പറേഷന്‍വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍തീരുമാനം ബജറ്റ് നിര്‍ദേശമായിരുന്നു. മദ്യമാഫിയക്ക് ഉറപ്പു കൊടുത്തതിനു ശേഷം സര്‍ക്കാര്‍ ബില്ല് പാസാക്കുകയും ചെയ്തു. എത്ര കോടിയുടെ അഴിമതിയാണെന്നും ഉത്തരവാദപ്പെട്ടവര്‍ക്ക് എത്ര കിട്ടിയെന്നും പറയണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷം അവരുടെ ശീലംവച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ഇടത് സര്‍ക്കാരിനെ കരിതേച്ചു കാണിക്കാന്‍ നടത്തുന്ന ശ്രമം വിജയിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വിദേശനിര്‍മിത വിദേശമദ്യം കേരളത്തില്‍ വില്‍ക്കുന്നതിന് നേരത്തെതന്നെ അനുമതിയുണ്ട്. സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാക്കുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും വിദേശനിര്‍മിത വിദേശമദ്യത്തിന്റെ വില്‍പനക്ക് അനുമതി നല്‍കുന്നതിന് ആലോചിച്ചിരുന്നു.
അന്നത്തെ എക്‌സൈസ് മന്ത്രി എക്‌സൈസ് കമ്മിഷണര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും അന്തിമ നടപടികളിലേക്ക് കടക്കാനായിരുന്നില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബ്രൂവറി ആരോപണം നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് പുതിയ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."