വിവാദ ഭൂമിയില്‍ തൃക്കാക്കര നഗരസഭയ്ക്ക് തിരിച്ചടി
കാക്കനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ പൊതുമരാമത്ത് സ്ഥലം കൈവശപ്പെടുത്താനുള്ള നഗരസഭ നീക്കത്തിന് തിരിച്ചടി. കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷണല്‍ ഓഫിസ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതാണ് നഗരസഭക്ക് തിരിച്ചടിയായത്. ക്വാര്‍ട്ടേഴ്‌സില്‍ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സിനും അടച്ചിട്ടിരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ഇടയ്ക്കുള്ള പൊതുമരാമത്ത് സ്ഥലമാണ് നഗരസഭ കൈക്കലാക്കാന്‍ നോട്ടമിട്ടത്. സ്ഥലത്തെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ ഇന്നലെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല സ്ഥലം സന്ദര്‍ശിച്ചു.
പൊതുമരാമത്ത്, നഗരസഭ ഉദ്യോഗസ്ഥരും കലക്ടറെ അനുഗമിച്ചിരുന്നു. തര്‍ക്ക സ്ഥലം സംബന്ധിച്ച് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ പൊതുമരാമത്തിന്റെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷണല്‍ ഓഫിസ് നിര്‍മാക്കാന്‍ ലക്ഷ്യമിടുന്ന സ്ഥലം സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.സ്ഥലം കൈമാറി കിട്ടാതെ അവകാശവാദമുന്നയിച്ച നഗരസഭക്ക് തിരിച്ചടിയായിരിക്കുകയാണ്.
പൊതുമരമത്തിന്റെ പദ്ധതി അട്ടിമറിക്കാന്‍ നഗരസഭ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഒരു കോടി ചെലവിട്ട് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതാണ് നഗരസഭക്ക് തിരിച്ചടിയായത്. പൊതുമരാമത്ത് സ്ഥലത്ത് കമ്യൂണിറ്റിഹാള്‍ പദ്ധതിയാണെന്ന വ്യാജേന ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു നഗരസഭ ലക്ഷ്യമിട്ടിരുന്നത്.
മുമ്പ് പൊതുമരാമത്ത് വിട്ടുകൊടുത്ത 50 സെന്റില്‍ 40 സെന്റില്‍ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സും പത്ത് സെന്റില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും നിര്‍മിക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്ന 40 സെന്റ് കൂടി വേണമെന്നായിരുന്നു നഗരസഭയുടെ അവകാശവാദം. എന്നാല്‍ നഗരസഭയെ കടത്തിവെട്ടി പൊതുമരാമത്ത് അധികൃതര്‍ വിവാദ സ്ഥലത്ത് വകുപ്പിന്റെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷണല്‍ ഓഫിസ് നിര്‍മിക്കാന്‍ അനുമതി വാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."