പനി മൂലം മരിക്കുന്നവരുടെ കണക്കെടുക്കലാണ് ആരോഗ്യമന്ത്രിയുടെ പണിയെന്ന് വി.ഡി സതീശന്
പള്ളുരുത്തി: കേരളത്തില്‍ പനി ബാധിച്ച് മരിക്കുന്നവരുടെ കണക്കെഴുതലാണ് ആരോഗ്യ മന്ത്രിയുടെ ജോലിയെന്ന് വി.ഡി സതീശന് എം.എല്‍.എ കുറ്റപ്പെടുത്തി. കുമ്പളങ്ങി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രണ്ട് വാര്‍ഡ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് മാസത്തിനിടെ നാഞ്ഞൂറിലേറെ പേരാണ് ഡെങ്കിപനിയുള്പ്പെടെയുള്ള വ്യാധികള്‍ മൂലം മരിച്ചത്. സംസ്ഥാനത്ത് പനി മരണങ്ങള് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുക യാണെന്നും പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടില്‍ നിന്ന് തുടച്ചു നീക്കിയ മലേറിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു കൊടുത്തിരിക്കുകയാണ്. പുതുതായി വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കുമ്പാരമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സൗജന്യമായി അരി ലഭിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ ഇപ്പോള്‍ 51 രൂപയ്ക്ക് അരി വാങ്ങേണ്ട ഗതികേടിലാണ്. കേന്ദ്ര സര്‍ക്കാര്‍ ബീഫിന്റെ കാര്യത്തില്‍ ജനങ്ങളെ രണ്ട് തട്ടിലാക്കിയെന്നും അതിന്റെ പേരില്‍ ഇപ്പോഴും കൊല നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ഡ് പ്രസിഡന്റ് കെ.സി.കുഞ്ഞുകുട്ടി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിദ്യാഭ്യാസ മേഖലയില്‍ നേട്ടം കൈവരിച്ചവരേയും ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ദിലീപ് കുഞ്ഞുകുട്ടി സ്വാഗതം പറഞ്ഞു.
മുന്‍ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷന്, ഐ.എന്‍.ടിയു.സി സംസ്ഥാന സെക്രട്ടറി വി.പി ജോര്‍ജ്ജ്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോണ്‍ പഴേരി, എന്‍.ആര്.ശ്രീകുമാര്‍, തമ്പി സുബ്രഹ്മണ്യം, ജോസഫ് ആന്റണി ,ഷാജി കുറുപ്പശ്ശേരി, ആന്റണി കോച്ചേരി,പി.എ.സഗീര്‍, നെല്സന് കോച്ചേരി, ഉഷാ പ്രദീപ്, മണ്ഡലം പ്രസിഡന്റ് ആന്റണി പുത്തന്‍വീട്ടില്‍, വാര്‍ഡ് മെമ്പര്‍ ടെസി ജേക്കബ്, മണ്ഡലം കമ്മറ്റി അംഗംദീപു കുഞ്ഞുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറിജേക്കബ് തറേപറമ്പില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."