പള്ളുരുത്തി പൊലിസ് സ്റ്റേഷന് മുന്നില്‍ മയക്ക് മരുന്ന് സംഘത്തിന്റെ വിളയാട്ടം
പള്ളുരുത്തി: പൊലിസ് സ്റ്റേഷന് മുന്നില്‍ മയക്ക് മരുന്ന് സംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കസ്റ്റഡിയിലെടുത്ത് സെല്ലിലടച്ച സംഘം സ്റ്റേഷനിലെ പൈപ്പും ജനലുകളും അടിച്ച് തകര്‍ത്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മയക്ക് മരുന്ന് സംഘാംഗങ്ങളായ പള്ളുരുത്തി വാര്യംസ് ജങ്ഷന് തട്ടേക്കാട്ട് പറമ്പില്‍ അജീഷ്(25), പെരുമ്പടപ്പ് കോണം കട്ടത്തറ പറമ്പില്‍ സുല്‍ഫിക്കര്‍(24), പള്ളുരുത്തി മാരമ്പിള്ളി കോളനിയില്‍ തെക്കേല വീട്ടില്‍ നിജില്‍(25) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇടക്കൊച്ചി സ്വദേശികളായ നിധിനും ഭാര്യ സൂര്യയുമൊപ്പം ബൈക്കില്‍ വരവേ മാരമ്പിള്ളി ക്ഷേത്രത്തിന് മുന്നില്‍ വച്ച് സംഘം തടഞ്ഞ് നിര്‍ത്തുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയ ഇവരെ സംഘം പിന്തുടര്ന്നു. ദമ്പതികള്‍ പള്ളുരുത്തി പൊലിസ് സ്റ്റേഷനിലേക്ക് ഓടി കയറി. പിന്തുടര്ന്നെത്തിയ സംഘം സ്റ്റേഷന് മുന്നില്‍ പൊലിസിനേയും നാട്ടുകാരേയും വെല്ലുവിളിച്ച് നിലയുറപ്പിച്ചു.
ദമ്പതികളെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ടായിരുന്നു ആക്രോശം. രണ്ട് മണിക്കൂര്‍ ഇത്തരത്തില്‍ അക്രമികള്‍ സ്റ്റേഷന് മുന്നില്‍ നില കൊണ്ടു. ആദ്യം ഇവരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ സംഘത്തെ കൈകാര്യം ചെയ്യുമെന്ന ഘട്ടത്തില്‍ രാത്രി പതിനൊന്ന് മണിയോടെ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലിസിന് നേരെ കൈയേറ്റത്തിന് മുതിര്‍ന്ന ഇവര്‍ക്കെതിരെ കേസെടുത്ത് ലോക്കപ്പിലടക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഇവര്‍ ലോക്കപ്പില്‍ നിന്ന് തുറന്ന് വിടണമെന്നാവശ്യപ്പെട്ട് ലോക്കപ്പിലെ പൈപ്പും ജനലുകളും തകര്‍ത്തു.പൊതു മുതല്‍ നശിപ്പിച്ചതിനും പൊതു നിരത്തില്‍ ദമ്പതികളെ അക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."