സീറോ വേസ്റ്റ് പദ്ധതി വടകര റെയില്‍വേ സ്റ്റേഷന് ബാധകമല്ല
വടകര: നഗരസഭാ പരിധിയില്‍ മുഴുവന്‍ സ്ഥലങ്ങളിലും മാലിന്യമുക്ത വടകര പദ്ധതിയുടെ വിജയത്തിനായി അഹോരാത്രം പണിപ്പെടുമ്പോഴും വടകര റെയില്‍വേ സ്റ്റേഷനില്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തുന്നു. റെയില്‍വേ സ്റ്റേഷനിലെ ജൈവ, അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു.
റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കണ്ടല്‍കാടുകള്‍ നിറഞ്ഞ സ്ഥലത്താണ് എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പകല്‍ പ്ലാറ്റ്ഫോമില്‍ ആളുകളുടെ തിരക്കുള്ള സമയത്താണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. പലപ്പോഴും യാത്രക്കാര്‍ റെയില്‍വേ അധികാരികളോട് ഇതിനെകുറിച്ച് പരാതി പറഞ്ഞെങ്കിലും യാതൊരു മാറ്റവുമില്ല.
നഗരസഭ പ്രദേശത്ത് മാലിന്യം കത്തിച്ചാല്‍ വന്‍പിഴ ഒടുക്കുന്ന സമയത്താണ് നഗരസഭ ഓഫിസിന് വിളിപ്പാടകലെ റെയില്‍വേ മാലിന്യം കത്തിക്കുന്നത്. പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഈ പ്രവൃത്തി നിര്‍ത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രശ്നത്തില്‍ അടിയന്തിരമായി നിയമ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളുമായ അബ്ദുല്‍ കരീം മാനസ, അബ്ദുല്‍ റബ്ബ് നിസ്താര്‍, ഫൈസല്‍ പി.കെ.സി, അബ്ദുല്‍ സലാം ടി.പി, എന്‍.വി ഷഫ്നാസ്, യൂനുസ്, മുനീര്‍ സേവന, അനസ്. കെ എന്നിവര്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."