പൊലിസ് കാഴ്ചക്കാരായി; പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം താളം തെറ്റി
നാദാപുരം: ഉപരോധ സമരത്തിനെത്തിയ സമരക്കാരെ നീക്കം ചെയ്യാതെ പൊലിസ് കാഴ്ചക്കാരായി നിന്നതായി ആക്ഷേപം. കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ വ്യാപാരി തോട്ടില്‍ മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ ഉപരോധ സമരം പഞ്ചായത്ത് ഓഫിസ് പൂട്ടലില്‍ കലാശിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരമാണ് ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുത്തിയത്. ഉപരോധ സമരം നടത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രസിഡന്റും. സെക്രട്ടറിയും പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചിരുന്നു. ഉപരോധക്കാരെ നീക്കാനോ ഓഫിസില്‍ പ്രവര്‍ത്തന സൗകര്യം ഒരുക്കാനോ പൊലിസ് തയ്യാറായില്ലെന്നാണ് മുഖ്യപരാതി. ഇതേ തുടര്‍ന്ന് വനിതാ ജീവനക്കാരടക്കം അടുത്ത വീടുകളില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
കടയുടമയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലുംനിസാര വകുപ്പുകള്‍ ചേര്‍ത്തു വിട്ടയക്കുകയും ചെയ്തു. കുടിവെള്ള സ്രോതസ് മലിനമാക്കിയതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നിരിക്കെ ഉന്നത സമ്മര്‍ദത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് ആക്ഷേപം. ഇതിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ കേന്ദ്രീകരിച്ചുള്ള ഉന്നത സംഘമാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പൊലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കാത്ത പൊലിസ് നിലപാടിനെതിരേ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.പഞ്ചായത്തിന് പങ്കില്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട വിലപ്പെട്ട സേവനമാണ് നഷ്ടമാകുന്നത്. ഉപരോധം ഇന്നും തുടരാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. ബദല്‍ നടപടികള്‍ യു.ഡി.എഫും ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."