ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാന്‍ ഒരു കാലത്തും അനുവദിക്കുകയുമില്ല: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ജന്മഗൃഹത്തില്‍നിന്നും ജന്മദേശത്തുനിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടിലശ്രമങ്ങള്‍ ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്നു ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മഹാരാജ്യം ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാന്‍ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം കൊടുക്കേണ്ടെന്നല്ല ഞങ്ങള്‍ പറയുന്നത്. എല്ലാവര്‍ക്കും കൊടുക്കണം. അവരിങ്ങോട്ട് വന്നത് ഈ രാജ്യത്തെ സ്‌നേഹിച്ചുകൊണ്ടാണെന്നും തങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ മുസ്‌ലിംകള്‍, പിന്നെ മറ്റു വിഭാഗത്തിനു മേലായിരിക്കും അവര്‍ കത്തിവയ്ക്കുക. പിന്നീട് രാഷ്ട്രീയപാര്‍ട്ടിയിലേക്കും അവരുടെ കൈകള്‍ നീളും. പ്രതിഷേധിക്കാന്‍ മുസ്‌ലിംകള്‍ മാത്രമായി മാറുമെന്നും മറ്റുള്ളവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നുമാണ് അവര്‍ കരുതിയത്. എന്നാല്‍ അവര്‍ക്ക് തെറ്റിയെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ 14-ാം അനുച്ഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രം റദ്ദു ചെയ്യുന്നതു ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കുന്ന നടപടിയാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ തകര്‍ച്ച മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണമായ പതനത്തിലേക്കാണ് അതുകൊണ്ടു ചെന്നെത്തിക്കുക.
അതുകൊണ്ടു രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ കരിനിയമത്തിനെതിരേ പോരാടാന്‍ തയ്യാറാകണം. ഫാസിസ്റ്റ് വിരുദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നവരെല്ലാം ഈ വിഷയത്തില്‍ ഒന്നിച്ചുനിന്നു കൂട്ടായ പോരാട്ടം നടത്തണം. കഴിഞ്ഞകാലത്തെ രാഷ്ട്രീയവൈരവും നീരസങ്ങളുമെല്ലാം മറന്നു മതേതരകക്ഷികള്‍ മുസ്‌ലിം സമുദായത്തെ ഈ ദുഃസ്ഥിതിയില്‍നിന്നു രക്ഷപ്പെടുത്തണം. ഈ പോരാട്ടത്തില്‍ ഇതര മതവിശ്വാസികളും മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണം.
ഈ കരിനിയമത്തിനെതിരേ ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു തീരുമാനിച്ചത് ശുഭസൂചനയാണ്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇക്കാര്യത്തില്‍ സമസ്ത അഭിനന്ദിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളും ഈ നിലപാടു സ്വീകരിക്കണം. അങ്ങനെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കണം.
ബാബരി വിഷയത്തിലും രാജ്യത്തെ മുസ്‌ലിംകള്‍ക്കു നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്ന, ജനാധിപത്യത്തെ തകര്‍ക്കുന്ന ഏതു നിയമത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ പൊതുസമൂഹം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."