കാപ്പിക്കുരു ഉല്‍പാദനം കുറയുന്നു; മലയോര കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്
കട്ടപ്പന: കാപ്പി കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാപ്പിക്കുരു ഉല്‍പാദനം നേര്‍പകുതിയായി കുറയുമെന്നാണ് കാപ്പി കര്‍ഷകര്‍ പറയുന്നത്. വിലക്കുറവിന് പിന്നാലെ ഉല്‍പാദനത്തിലെ കുറവും കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഇതോടെ ജില്ലയിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. ജില്ലയില്‍ 5290 ഹെക്ടര്‍ കാപ്പികൃഷിയാണ് നിലവിലുള്ളത്. എണ്ണായിരത്തോളം കര്‍ഷക കുവടുംബങ്ങളാണ് കാപ്പി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്.
സമീപകാലത്തുണ്ടായ വിലത്തകര്‍ച്ച കാപ്പി കര്‍ഷകരെയും വ്യാപാരികളെയും ഞെട്ടിച്ചിരിക്കുകയാണ്. 2016- 17 കാലയളവില്‍ ഹൈറേഞ്ച് മേഖലയില്‍ 3818 മെട്രിക് ടണ്‍ കാപ്പിക്കുരുവാണ് ഉല്‍പാദിപ്പിച്ചത്. ഇത്തവണ നേര്‍പകുതിയാകുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാപ്പി പൂക്കുന്ന സമയത്ത് ആവശ്യത്തിനു മഴ ലഭിക്കാതിരുന്നതാണ് ഉല്‍പാദനം കുറയുന്നതിന്റെ കാരണം. രോഗകീട ബാധകളും ഉല്‍പാദനം കുറയുന്നതിനു മറ്റൊരു കാരണമായി. റോബസ്‌റ കാപ്പിയാണു ജില്ലയില്‍ കൂടുതല്‍ കൃഷി ചെയ്യുന്നത്. റോബസ്റ്റ കാപ്പി വിലയാണു കുത്തനെ കുറയുന്നത്. പ്രാദേശിക വിപണികളില്‍ കിലോഗ്രാമിന് 70 മുതല്‍ 80 രൂപവരെ ലഭിച്ചിരുന്നു. എന്നാല്‍ അറബി കാപ്പിക്കുരുവിനു 90 രൂപവരെ വില ലഭിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
10 ഹെക്ടറില്‍ താഴെ കൃഷിയുള്ളവരാണ് ജില്ലയിലെ കാപ്പി കര്‍ഷകരില്‍ 50 ശതമാനവും. ഉല്‍പാദനച്ചെലവും ഓരോ വര്‍ഷവും കൂടുകയാണ്. സ്ത്രീതൊഴിലാളികളാണു കാപ്പി വിളവെടുപ്പില്‍ ഏര്‍പ്പെടുന്നതില്‍ അധികവും. സ്ത്രീതൊഴിലാളിക്കു ഭക്ഷണച്ചെലവില്ലാതെ 250 രൂപയാണു ദിവസക്കൂലി. കളങ്ങളില്‍ കാപ്പി ഉണക്കുന്നതും പരിപ്പാക്കുന്നതിനു ചാക്കുകളിലാക്കി മില്ലുകളിലെത്തിക്കുന്നതും മറ്റും പുരുഷ തൊഴിലാളികളാണ്. ദിവസം 300 രൂപയാണ് ഇവരുടെ കുറഞ്ഞ കൂലി.
ഉല്‍പാദനച്ചെലവുമായി തുലനം ചെയ്യുമ്പോള്‍ നിലവിലെ വില മുതലാകില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. തൊഴിലാളി ക്ഷാമവും കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. നേരത്തേ ഇടത്തരം തോട്ടങ്ങളില്‍ വിളവെടുപ്പിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നു തൊഴിലാളികള്‍ എത്തിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി കൂട്ടിയതോടെ തൊഴിലാളികളുടെ വരവു കുറഞ്ഞു. ചെറുകിട കര്‍ഷകരില്‍ പലരും സ്വന്തം നിലയ്ക്കാണ് ഇപ്പോള്‍ കാപ്പി വിളവെടുക്കുന്നത്. കാപ്പിക്കുരുവിന്റെ വിലത്തകര്‍ച്ചയും വിളവുകുറവും മൂലം കാപ്പികര്‍ഷകര്‍ കുരുമുളകു പോലുള്ള കൃഷികളിലേക്കും തിരിഞ്ഞിട്ടുണ്ട്. എങ്കിലും വര്‍ഷങ്ങളുടെ അധ്വാനഫലമായ കാപ്പിച്ചെടി വെട്ടിക്കളയാന്‍ മടിച്ചു നില്‍ക്കുകയാണു കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."