അഗ്‌നിശമന സേനയെ വട്ടംകറക്കി വ്യാജ ഫോണ്‍ കോളുകള്‍
മുക്കം: അഗ്‌നിശമന സേനയെ പോലും കബളിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ഏതാനും സാമൂഹ്യ ദ്രോഹികളുടെ നടപടി നാടിനും പേരുദോഷമുണ്ടാക്കുന്നു.
ജില്ലയില്‍ ഏറ്റവുമധികം പ്രവര്‍ത്തന പരിധിയുള്ള മുക്കം അഗ്‌നിശമന സേന ആസ്ഥാനത്തേക്കാണ് നിരന്തരം വ്യാജ കോളുകള്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അവസാനമായി വ്യാജ ഫോണ്‍ സന്ദേശമെത്തിയത്. 944726 1480 എന്ന നമ്പറില്‍ നിന്നും മുഹമ്മദ് സിനാന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ പുതുപ്പാടി പഞ്ചായത്തിലെ പയോണയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു എന്നാണ് അറിയിച്ചത്. സംഭവം ഉറപ്പു വരുത്തുന്നതിനായി ഫയര്‍സ്റ്റേഷന്‍ അധികൃതര്‍ ഈ നമ്പറില്‍ തിരിച്ചുവിളിക്കുകയും താമരശ്ശേരി പൊലിസ് സ്റ്റേഷനില്‍ നമ്പര്‍ നല്‍കി ഉറപ്പു വരുത്തുകയും ചെയ്തു. രണ്ട് ടെലഫോണ്‍ കോളിനും ഇയാള്‍ സംഭവം സത്യമാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ 26 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഞൊടിയിടയില്‍ അഗ്നിശമന സേനയും താമരശ്ശേരി പൊലിസുമെത്തിയെങ്കിലും സംഭവം വ്യാജമാണെന്ന് ബോധ്യമാവുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുലര്‍ച്ചെ താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ച സംഭവിച്ചതായി പറഞ്ഞ് 7561872351 എന്ന നമ്പറില്‍ നിന്ന് വ്യാജ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സേനക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ട്. ഈ സമയങ്ങളില്‍ മറ്റെവിടെയെങ്കിലും അപകടവുമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കാലതാമസം നേരിടുമെന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്.
ഇത്തരം വ്യാജന്‍മാര്‍ക്കെതിരേ പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."