കടം കയറി ഖജനാവ്; കടല്‍കടക്കാന്‍ വീണ്ടുമൊരു മന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ വീണ്ടും മന്ത്രിയുടെ വിദേശയാത്ര. മന്ത്രി കെ.ടി. ജലീലും സംഘവും മാലദ്വീപ് സന്ദര്‍ശനത്തിന് ഒരുങ്ങുന്നതാണ് വിവാദമാകുന്നത്.
മന്ത്രി കെ.ടി ജലീല്‍, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ. വി.സി, അസാപ്പ് പ്രതിനിധി, ഐ.എ.സി.ടി.ഇ ഡയറക്ടര്‍ എന്നിവരാണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്. കേരളത്തിലെ കോളജുകളിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഫോണ്‍ ബില്ലടയ്ക്കാനും കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും പോലും പണമില്ലാതെ സര്‍ക്കാര്‍ വലയുമ്പോഴാണ് മന്ത്രി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മാലി യാത്ര. രണ്ടുദിവസത്തെ മാലി സന്ദര്‍ശത്തിനുള്ള വിമാനയാത്ര, താമസം, മാലിയിലെ യാത്രാ സൗകര്യം, ഫോണ്‍, നെറ്റ് എന്നിവയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.
മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഹോട്ടല്‍താമസത്തിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കുമ്പോള്‍, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐ.എ.സി.ടി.ഇ എന്നിവര്‍ നല്‍കും. മാലിയിലെ ഇന്ത്യന്‍ എംബസിക്ക് ചെലവാകുന്ന തുക സര്‍ക്കാര്‍ നല്‍കും. കൂടാതെ വിദേശ സന്ദര്‍ശനത്തിന് പ്രതിദിനം 60 അമേരിക്കന്‍ ഡോളര്‍ അലവന്‍സും നല്‍കും.
കേരളത്തിലെ എന്‍ജിനീയറിങ്, ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് മാലയില്‍ നിന്ന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് സന്ദര്‍ശനം. വിദേശ വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍ മാത്രമാണ് പഠിക്കാനായി എത്തുന്നത്.
വിദേശ വിദ്യാര്‍ഥികളെ കിട്ടിയാല്‍ കോളജുകളുടെ റാങ്കിങ് ഉയരാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൂടാതെ അയല്‍പക്കമായ മാലയുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദര്‍ശനം സഹായിക്കുമെന്നാണ് അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."