അപകടകെണിയൊരുക്കി റോഡിലെ വാരിക്കുഴികള്‍
പിരായിരി: പാലക്കാട് -കോട്ടായി റൂട്ടില്‍ മേഴ്‌സികോളേജിനും പിരായിരിക്കും ഇടക്കുള്ള പ്രധാന കവലയായ മേപ്പറമ്പ് ബൈപാസ് ജങ്ഷന്‍ അപകടമേഖലയാവുന്നു. മഴക്കാലമായതോടെ ജങ്ഷനില്‍ രൂപപ്പെട്ട കുഴികളാണ് വലുതും ചെറുതുമായ വാഹനങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്.
ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുന്നിട് പെട്രോള്‍ പമ്പിനു മുമ്പിലായിട്ടാണ് ചെറുതും വലുതുമായ നിരവധി കുഴികള്‍ ഉള്ളത്. മഴപെയ്താല്‍ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം ഇരുചക്ര വാഹന കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്. ഒറ്റപ്പാലം, കോട്ടായി ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന ബസ്സുകളും ചരക്കു വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ഭീഷണിയാകുന്ന അപകടക്കുഴികള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നതെങ്കിലും പത്രവാര്‍ത്തകളെ തുടര്‍ന്ന് റീടാറിങ് നടത്താതെ ഓട്ടയടച്ചതാണ് വീണ്ടും ഇവിടെ കുഴികള്‍ നിറയാന്‍ കാരണം. എന്നാല്‍ പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത കടന്നുപോകുന്ന കവലയിലെ മരാമത്ത് പണികള്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ കണ്ടില്ലെന്നു നടിക്കുകയാണ്.
രാത്രിയില്‍ പ്രദേശത്ത് തെരുവ് വിളക്കുകളുടെ അഭാവം വാഹനങ്ങളുടെ അമിത വേഗതയും അപകടം ക്ഷണിച്ചു വരുത്തുകയാണ്. പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള വെളിച്ചമാണ് വാഹനയാത്രക്കാര്‍ക്ക് ആശ്രയം. ജങ്ഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം കടലാസിലൊതുങ്ങുകയാണ്. വാഹനഗതാഗതം സുഗമമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."