കുട്ടികളിലെ പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി മാഹിന്‍
കൊടുങ്ങല്ലൂര്‍: കുട്ടികളിലെ പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് മാഹിന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥി.
എഴുതുമ്പോള്‍ പേനയില്‍ അമിത മര്‍ദ്ദം ഉപയോഗിക്കുന്നതു മൂലം കൂട്ടികള്‍ക്ക് എഴുത്തിലുണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കുന്നതിനു സഹായകമാകുന്ന ഒരു പേനയാണു മാഹിന്‍ ആദ്യം കണ്ടുപിടിച്ചത്. എഴുത്തില്‍ അമിത മര്‍ദ്ദം ഉപയോഗിക്കുമ്പോള്‍ സൂചനകള്‍ നല്‍കുന്ന ഈ പേന കുട്ടികളുടെ എഴുത്തിലെ പ്രശ്‌ന പരിഹാര പരിശീലനത്തിന് വളരെ ഉപകാരപ്രദമായ ഉപകരണമാണെന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. 'മാഹിന്‍ പെന്‍' എന്നാണ് ഈ പേനക്കു പേരു നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ദേശീയ സി.ബി.എസ്.സി ശാസ്ത്രമേളയിലേക്കു മാഹിന്‍പെന്‍ തെരഞ്ഞെടുത്തിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്തു പഠനത്തില്‍ പിന്നോക്കമെന്ന പ്രശ്‌നവുമായി കൊടുങ്ങല്ലൂര്‍ ശാന്തിപുരത്തെ സ്‌പെല്‍ ലേണിങ് സപ്പോര്‍ട്ട് സെന്ററില്‍ എത്തിയ മുഹമ്മദ് മാഹിന്‍ ഇന്നു പഠന പ്രയാസങ്ങളുള്ള കുട്ടികള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കൊച്ചു ശാസ്ത്രജ്ഞനായി മാറിയിരിക്കുകയാണ്. പഠനത്തില്‍ ചെറിയ പ്രയാസം കാണിച്ച മാഹിന്റെ കഴിവു തിരിച്ചറിഞ്ഞത് സ്‌പെല്‍ ഡയരക്ടര്‍ എന്‍.യു ഹാഷിമാണ്. അദ്ദേഹം നല്‍കിയ പ്രോത്സാഹനത്തില്‍ എഴുത്തില്‍ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള വിവിധ ഉപകരണങ്ങളാണ് മാഹിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കുട്ടികളുടെ വിരലുകളിലെ സൂക്ഷ്മ പേശികളുടെ കരുത്ത് അളക്കാനുള്ള ഉപകരണങ്ങള്‍, ഫിംഗര്‍ ടാപ്പിങ് ടെസ്റ്റിന് ആവശ്യമായ ഉപകരങ്ങള്‍ തുടങ്ങി മാഹിന്റെ പരീക്ഷണമുറിയില്‍ നിരവധി ഇത്തരം ഉപകരണങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളും നടന്നു വരികയാണ്. കൊടുങ്ങല്ലൂരിലെ സ്വകാര്യ സ്‌കൂളില്‍ സ്‌പെല്‍ സംഘടിപ്പിച്ച പഠന നിലവാര നിര്‍ണയ ക്യാംപിലും മാഹിന്‍ തന്റെ ഉപകരണങ്ങളുപയോഗിച്ചു കുട്ടികളുടെ എഴുത്തിലെ പ്രയാസം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാര പള്ളിപ്പുറത്ത് വീട്ടില്‍ പി.കെ റഫീഖ്, നസീറ ദമ്പതികളുടെ ഏക മകനായ മുഹമ്മദ് മാഹിന്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.സ്. പ്ലസ് ടു വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."