പറവൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റു
പറവൂര്‍: സി.പി.ഐ നേതാവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയും പറവൂര്‍ നഗരസഭാ കൗണ്‍സിലറുമായ എസ് ശ്രീകുമാരിക്ക് മര്‍ദനമേറ്റു. ഇവരുടെ വീടിനുസമീപം താമസിക്കുന്ന കിഴക്കേപ്രം പാലാരില്‍വീട്ടില്‍ വത്സന്‍ എന്ന യുവാവാണ് ആക്രമിച്ചത്. ഇയാള്‍ മാനസികവിഭ്രാന്തിക്ക് നേരത്തെ ചികിത്സതേടിയിട്ടുള്ള ആളാണ്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാവിലെ ശ്രീകുമാരിയുടെ വീട്ടിലെത്തിയ ഇയാള്‍ കോളിംഗ് ബെല്‍ അടിച്ചശേഷം മറഞ്ഞുനിന്നു ശ്രീകുമാരിയെത്തി കതക് തുറന്നതോടെ യുവാവ് വീടിനകത്ത്കയറി കസേരയില്‍ ഇരിപ്പുറപ്പിച്ചു. പരിചയക്കാരനായതിനാല്‍ ശ്രീകുമാരിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല.
തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ സ്‌കൂളില്‍ ജോലിശരിയാക്കികൊടുക്കണമെന്നും ഇല്ലെങ്കില്‍ സ്‌കൂള്‍ ബസുകള്‍ അടിച്ചുപോളിക്കുമെന്നും സ്‌കൂള്‍ കത്തിക്കുമെന്നും യുവാവ് പറഞ്ഞു.
കൗണ്‍സിലറായ ശ്രീകുമാരി അതെല്ലാം നേരംവെളുത്തിട്ടു സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പ്രകോപിതനായ അക്രമകാരി ശ്രീകുമാരിയെ മര്‍ദിക്കുകയായിരുന്നു. തലക്കും ശരീരത്തും മര്‍ദനമേറ്റ ശ്രീകുമാരി ഒച്ചവച്ചതോടെ ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവ് രത്‌നകുമാര്‍ എഴുന്നേറ്റുവന്ന് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ രത്‌നകുമാറിനെയും യുവാവ് ക്രൂരമായി ആക്രമിച്ചു.
ഇരുവരും പറവൂര്‍ കെ.എം.കെ ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.ഐ കിഴക്കേപ്രം ബ്രാഞ്ച് പ്രവര്‍ത്തകനാണ് രത്‌നകുമാര്‍. വിവരമറിഞ്ഞെത്തിയ പറവൂര്‍ പൊലിസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. മാനസിക രോഗ ചികിത്സയിലുള്ള ഇയാള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാണെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."