പടിഞ്ഞാറന്‍മുറി പാടശേഖരങ്ങളില്‍ നെല്‍കൃഷി ഇല്ലാതാകുന്നു
മാള: നൂറുമേനി വിളഞ്ഞിരുന്ന പടിഞ്ഞാറന്‍മുറി പാടശേഖരങ്ങളില്‍ ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നെല്‍കൃഷി ഇല്ലാതാകുന്നു. ഹെക്ടറുകണക്കിന് പാടശേഖരങ്ങളുള്ള മേഖലയില്‍ മതിയായ ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്.
വെള്ളമെത്താത്തതിനാല്‍ പാടശേഖരങ്ങള്‍ തരിശിട്ടിരിക്കുകയാണ്. പാടശേഖരങ്ങള്‍ നികത്തി കരഭൂമിയാക്കലും തെങ്ങിന്‍തോപ്പാക്കി രൂപാന്തരപ്പെടുത്തലും തകൃതിയായി നടക്കുന്നുണ്ട്. വിവിധ വൃക്ഷങ്ങള്‍ നട്ട്പിടിപ്പിച്ച് ആളുകള്‍ ഈ പാടശേഖരങ്ങള്‍ക്ക് ചരമഗീതമെഴുതാന്‍ മത്സരിക്കുകയാണ്. വെള്ളം കെട്ടി നിര്‍ത്താനും ആവശ്യാനുസരണം തുറന്ന് വിടാനുമുള്ള സൗകര്യങ്ങള്‍ മുന്‍പ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇവ ഉപയോഗപ്പെടുത്താനോ സംരക്ഷിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ല.
പൊയ്യ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ നാല് വരെ വാര്‍ഡുകളിലാണ് ഈ പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്നത്. മുന്നാംവാര്‍ഡിലുള്ള മദ്‌റസ റോഡ് കുളം, താണിക്കാട് കല്ലന്‍കുളങ്ങളില്‍ കൃഷിക്കാവശ്യമായ വെള്ളമുണ്ട്. എന്നാല്‍ ഈ ജലാശയങ്ങള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ല. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ഇവ നാശത്തിന്റെ വക്കിലാണ്. കൈയേറ്റങ്ങള്‍ മൂലം തോടുകള്‍ പലതും ഇല്ലാതാകുന്നു . പാങ്കുളം , മദ്‌റസ റോഡ് കുളങ്ങളില്‍ നിന്ന് വെള്ളം ഒഴുക്കി മുന്നൂറ് മീറ്റര്‍ അകലെയുള്ള കല്ലന്‍കുളത്തിലെത്തിക്കാം. ഇവിടെ നിന്നും നിലവിലെ തോടുകള്‍ വഴി വെള്ളം പാടശേഖരങ്ങളലെത്തിക്കാം.
ഒരു കിലോമീറ്റര്‍ ദൂരമുള്ള ഈ തോട് ചെന്ന് ചേരുന്നത് ചെന്തുരുത്തി ചാലിലാണ്. ഉപ്പ് വെള്ളം കയറാതിരിക്കാന്‍ ഇവിടെ ബണ്ട് കെട്ടിയിട്ടുണ്ട്. പടിഞ്ഞാറന്‍ മുറി പ്രദേശത്ത് തോട് വ്യാപകമായി കൈയേറിയതായി പരാതിയുണ്ട് . അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൃഷിയിറക്കാന്‍ ഇപ്പോഴും ഇവിടത്തെ കര്‍ഷകര്‍ തയ്യാറാണ്. ജയയും പൊന്നിയും സുരേഖയുമെല്ലാം ഇവിടെ നൂറുമേനി കൊയ്യാമെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."