പൗരത്വ നിയമം: സംഘ്പരിവാര്‍ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്
'നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണക്കാരെ പിടികൂടാനാണ്, എന്‍.ആര്‍.സി, പൗരത്വ നിയമ ഭേദഗതി എന്നിവ ഇന്ത്യയില്‍ കടന്നുകൂടിയ അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനു മാത്രമാണ്, കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അവിടെ വികസനം കൊണ്ടുവരാനാണ് ' തുടങ്ങിയ വാദങ്ങള്‍ ഈ പ്രക്ഷുബ്ധ അന്തരീക്ഷത്തില്‍ ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അടിവേര് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടും കൃത്യമായ ആസൂത്രണത്തിന്റെ ചിഹ്നങ്ങളും മുഴക്കങ്ങളും ശ്രദ്ധിക്കാത്തവര്‍ ചില വസ്തുതകളെ അറിയേണ്ടതുണ്ട്.
ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനു തടസമായതിനാലാണ് ഗാന്ധിജിയുടെ നെഞ്ചിലേക്ക് ഗോഡ്‌സെ വെടിയുതിര്‍ത്തത്. വിഭജനത്തിന്റെ പഴുതിലൂടെയുള്ള തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വിഘാതമായപ്പോഴാണ് സവര്‍ക്കറുടെ അരുമശിഷ്യന്‍ ആ ക്രൂരകൃത്യം ചെയ്തത്. അതോടെ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതീക്ഷിച്ച ആര്‍.എസ്.എസിന്റെ ധാരണ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ പരാജയങ്ങളിലേക്ക് നെഹ്‌റുവിന്റെ പേര് ചേര്‍ത്ത് കലിപ്പ് തീര്‍ക്കുന്നത്. എന്നാല്‍ നിരോധനങ്ങളും എതിര്‍പ്പുകളും അവഗണിച്ച് ലക്ഷ്യപൂര്‍ത്തീകരണത്തിനായി അവര്‍ മുന്നോട്ടുനീങ്ങി.
മുസ്‌ലിംവിരുദ്ധ കൂട്ടക്കൊലകളും പള്ളി പൊളിക്കലും മുന്നോട്ടുള്ള വഴികളില്‍ ആളെക്കൂട്ടാനുള്ള മാര്‍ഗങ്ങളായി സ്വീകരിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള രഥത്തിന് ഹിന്ദുത്വ ഫാസിസ്റ്റ് സര്‍ക്കാര്‍ ശക്തികൂട്ടി. 2023ല്‍ രാജ്യം ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് അജന്‍ഡ. തീവ്ര ഹിന്ദുത്വത്തിന്റെ ഭരണഘനടയായ സവര്‍ക്കറിന്റെ 'ഹിന്ദുത്വത്തിന്റെ അടിസ്ഥാനാശയങ്ങള്‍' എന്ന പുസ്തകം ഇറങ്ങിയത് 1923ല്‍ ആണെന്ന് ഇതിനോട് ചേര്‍ത്തുവായിക്കണം. സവര്‍ക്കറുടെ ചിന്തയുടെ ശതാബ്ദിയോടെ ഹിന്ദുരാഷ്ട്രയുടെ പ്രഖ്യാപനം നടത്താനാകും.
2017 ജൂണില്‍ ഗോവയില്‍ 150 ഹിന്ദു സംഘടനകളുടെ യോഗം ചേരുകയുണ്ടായി. യോഗത്തിന്റെ ലക്ഷ്യം 2023ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കലായിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, സ്വതന്ത്ര ചിന്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരെ വെടിവച്ചുകൊന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സന്‍സ്തയുടെ സഹസംഘടനയായ ഹിന്ദു ജനജാഗ്രത് സമിതിയാണ് (എച്ച്.ജെ.എസ്) യോഗം സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യയിലെ സംഘ്പരിവാറിന്റെ ആദ്യത്തെ ശത്രു മുസ്‌ലിംകളാണ്. അവരെ ഇല്ലായ്മ ചെയ്യാനുള്ള ആദ്യത്തെ പടി മറ്റുള്ളവര്‍ക്കിടയില്‍ ഈ വിഭാഗത്തെ അന്യവല്‍ക്കരിച്ച് ഭീതിയുയര്‍ത്തുകയെന്നുള്ളതാണ്. അത് ഏകദേശം പൂര്‍ത്തീകരിച്ചതിനാല്‍ അടുത്ത പടിയാണ് അവരുടെ അസ്തിത്വം ചോദ്യം ചെയ്ത് അന്യരാക്കി അപരത്വുമുണ്ടാക്കുകയെന്നത്. ഇതിന് ആശ്രയിച്ചത് നേരത്തെ പരാമര്‍ശിച്ച സവര്‍ക്കറിന്റെ പുസ്തകമാണ്. ഇപ്പോഴത്തെ നിയമത്തില്‍ എന്തുകൊണ്ട് പാകിസ്താനിലെ അഹമ്മദിയാക്കള്‍, ശ്രീലങ്കയിലെ തമിഴ്‌വംശജര്‍, മ്യാന്മറിലെ റോഹിംഗ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തിയില്ലെന്ന് ചോദിക്കരുത്. ഒരു വലിയ പദ്ധതിയുടെ ചില മാറ്റം മാത്രമാണ് നിങ്ങള്‍ കണ്ടത്. കള്ളപ്പണം പറഞ്ഞ് നോട്ടുനിരോധനത്തെ ന്യായീകരിച്ചതുപോലെ, നുഴഞ്ഞുകയറ്റക്കാരെ തടയാനെന്നു പറഞ്ഞ് പൗരത്വ നിയമത്തെയും അനുകൂലിക്കുന്നവരോട് സംസാരിച്ചിട്ട് കാര്യമില്ല എന്നര്‍ഥം.
മ്യാന്‍മറിന്റെ വഴിയെ ഇന്ത്യയും
ജീവിക്കാന്‍ അതിര്‍ത്തികളും പരിമിതികളും രാഷ്ട്രങ്ങള്‍ നിര്‍മിച്ചതിനാല്‍ അത് അംഗീകരിക്കാതെ ജീവിക്കാന്‍ മനുഷ്യന് സാധ്യമല്ല. രാഷ്ട്രങ്ങളുടെ പരിധിയില്‍ വരാതെ പുറത്താക്കപ്പെട്ടവന് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കില്ലെന്നതിന് അഭയാര്‍ഥികളിലേക്ക് കണ്ണോടിച്ചാല്‍ മനസിലാക്കാനാകും. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥികളില്‍ ഒന്നാണ് മ്യാന്‍മര്‍ ആട്ടിപ്പുറത്താക്കിയ റോഹിംഗ്യകള്‍. ഏഴു ലക്ഷത്തില്‍ കൂടുതല്‍ റോഹിംഗ്യകളെയാണ് മ്യാന്‍മര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പുറത്താക്കിയത്. ഈ പുറത്താക്കലിന് നിലവിലെ കേന്ദ്ര ഭരണകൂടം നടത്തുന്ന നീക്കങ്ങളുമായി വളരെയധികം സാമ്യതകളുണ്ട്.
പതിറ്റാണ്ടുകളായി മ്യാന്‍മറില്‍ ജീവിച്ചുപോരുന്ന റോഹിംഗ്യകളെ പുറത്താക്കാന്‍ ഭരണകൂടത്തിന്റെ തുടക്കം പൗരത്വ നിയമ നിര്‍മാണത്തിലൂടെയായിരുന്നു. 1947ലെ ഭരണഘടനയനുസരിച്ച് 1982ലാണ് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഒഴിവാക്കാന്‍ സാധിക്കുന്ന മാനദണ്ഡങ്ങളുമായി മ്യാന്‍മറില്‍ മ്യാന്‍മര്‍ നാഷനാലിറ്റി ലോ കൊണ്ടുവരുന്നത്. പൗരന്മാരാകണമെങ്കില്‍ തദ്ദേശീയരായ വംശത്തില്‍പ്പെട്ടവരാവുക, 1942ല്‍ മുന്‍പ് ബ്രിട്ടീഷ് ബര്‍മയില്‍ ജീവിച്ചുവെന്നതിന്റെ രേഖകള്‍ ഹാജരാക്കുക എന്നതായിരുന്നു പൗരത്വം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍.
തുടര്‍ന്ന് അസമില്‍ ഇപ്പോള്‍ നടപ്പിലാക്കിയതിനു സമാനമായി പൗരത്വപ്പട്ടിക കൊണ്ടുവന്നു. മ്യാന്മര്‍ ദേശീയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വിഭാഗം പൗരന്മാരാക്കി രാജ്യത്തെ ജനങ്ങളെ മാറ്റി. പൗരത്വമുള്ളവര്‍ നാഷനല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് (എന്‍.ആര്‍.സി). പൗരന്മാരല്ലാത്തവര്‍ ഫോറിന്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് (എഫ്.ആര്‍.സി). പൗരന്മാരല്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് മാത്രമല്ല, സര്‍വ മേഖലയിലും അവഗണനയായിരുന്നു. എഫ്.ആര്‍.സിയില്‍പ്പെട്ടയാള്‍ക്ക് സുഹൃത്തിനൊപ്പം രാത്രി തങ്ങാന്‍പോലും അനുമതിയുണ്ടായിരുന്നില്ല. എല്ലായ്‌പ്പോയും കാര്‍ഡ് കരുതാന്‍ നിര്‍ബന്ധിതരായി.
വിദ്യാഭ്യാസം, സ്വത്വം തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അവകാശ നിഷേധത്തിന് ഇതു വഴിവച്ചു. രണ്ടാംതരം പൗരന്മാരായി റോഹിംഗ്യകള്‍ മാറി. 2012ന്റെ അവസാനത്തിലും 2013ന്റെ ആദ്യത്തിലുമായി റോഹിംഗ്യകളുടെ മാത്രം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ശക്തമായി പ്രതിഷേധമുയര്‍ത്തിയെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. 2014 ജൂണ്‍ 15ന് തെയ്ന്‍ സെയ്ന്‍ സര്‍ക്കാര്‍ റോഹിംഗ്യകള്‍ താമസിക്കുന്ന റാഖൈന്‍ സംസ്ഥാനത്ത് പൗരത്വം പരിശോധിക്കാനുള്ള പദ്ധതി ആരംഭിച്ചു. 1982ലെ പൗരത്വ നിയമം അനുസരിച്ചായിരുന്നു നടപടികള്‍. ഇതില്‍ റോഹിംഗ്യകളെ ബംഗ്ലാദേശില്‍നിന്ന് കുടിയേറി വന്നവരാക്കി മാറ്റി. ഇത്തരത്തിലുള്ളവരെ തടങ്കല്‍ ക്യാംപുകളിലാക്കി നാടുകടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
2010ല്‍ റോഹിംഗ്യകള്‍ക്ക് നല്‍കിയിരുന്ന ടെംപററി ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് (ടി.ആര്‍.സി) 2015 ഫെബ്രുവരിയില്‍ റദ്ദാക്കി. വോട്ട് ചെയ്യാനുള്ള അവകാശമായിരുന്നു ടി.ആര്‍.സി നല്‍കിയിരുന്നത്. ഇതോടെ രാജ്യത്തെ ഏഴു ലക്ഷത്തോളം റോഹിംഗ്യകള്‍ അഭയാര്‍ഥികളായി. തുടര്‍ന്ന് റോഹിംഗ്യന്‍ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സൈന്യവും പ്രാദേശികരും നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ബംഗ്ലാദേശില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി.
സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം കിട്ടിയ മ്യാന്‍മര്‍ ഭരണാധികാരി റോഹിംഗ്യകളെ പലപ്പോഴും അഭിസംബോധനം ചെയ്യാറുള്ളത് ബംഗാളികള്‍ എന്നാണ്. 2017 മുതല്‍ മ്യാന്മറില്‍ വംശഹത്യക്ക് നേതൃത്വം കൊടുത്തത് സൂചിയായിരുന്നു. രാജ്യമില്ലാത്തവരെന്ന് മുദ്രകുത്തിയതോടെ സഹാനുഭൂതിയുടെ നോട്ടം മാത്രമാണ് ലോകത്തുനിന്ന് റോഹിംഗ്യകള്‍ക്ക് ലഭിച്ചത്. രാജ്യമില്ലാത്തവര്‍ക്ക് ശബ്ദിക്കാന്‍ ആരുണ്ടാകാന്‍. റോഹിംഗ്യകളെ പുറത്താക്കിയതുമായി നിലവിലെ കേന്ദ്ര നീക്കത്തെ വിലയിരുത്തണം. തെരഞ്ഞെടുപ്പ് തന്ത്രമെന്നൊക്കെ വിളിച്ച് നിഷ്‌ക്കളങ്കമായി സമീപിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ നിസ്സംഗതനിര്‍മിക്കുന്ന ശുഭാപ്തി വിശ്വാസം നല്ലതല്ല.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ പൗരത്വപ്പട്ടിക നടപ്പിലാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. മുത്വലാഖ്, കശ്മിര്‍, പൗരത്വ നിയമ ഭേദഗതിയില്‍ എത്തിയിരിക്കുന്നു. അസമില്‍ പൗരത്വപ്പട്ടിക നടപ്പിലാക്കി. ഇതു രാജ്യവ്യാപകമാക്കുന്നതോടൊപ്പം ഏക സിവില്‍ കോഡിലേക്ക് നീങ്ങുമെന്നതില്‍ സംശയമൊന്നുമില്ല.
ഏക സിവില്‍ കോഡ് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര നിയമ മന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി. ഭരണഘടനയുടെ 14ാം അനുച്ഛേദം നല്‍കുന്ന തുല്യതയുടെ അവകാശം ലംഘിക്കുന്ന പൗരത്വ നിയമം പിന്നിട്ടെന്നും ഇനിയുള്ള പടവുകള്‍ ഏതൊക്കെയെന്നും ആവശ്യമായ ആസൂത്രണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കേന്ദ്രത്തില്‍ ഭരണം കൈയാളുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."