പാറയില്‍ താല്‍ക്കാലിക തടയണയുടെ പ്രവൃത്തി ആരംഭിച്ചു
തിരൂരങ്ങാടി: പൂരപ്പുഴയില്‍നിന്നും കീരനല്ലൂര്‍ വഴി ഉപ്പുവെള്ളം തടയുന്നതിന് പാറയില്‍ താല്‍ക്കാലിക തടയണയുടെ പ്രവൃത്തി ആരംഭിച്ചു.
തടയണക്കായി മുളയും ഓലയും ഉപയോഗിച്ച് വേലികെട്ടുന്ന പ്രവൃത്തി കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ നിറയ്ക്കാന്‍ ഇന്നലെ മണ്ണും സ്ഥലത്തെത്തിച്ചു. അടുത്തദിവസങ്ങളില്‍ തന്നെ അടുത്ത ഘട്ടം ആരംഭിക്കും.
പാറയില്‍ തടയണയുടെ അഭാവം മൂലം വേലിയേറ്റത്തിനിടെ ചോര്‍പ്പെട്ടിയിലും മറ്റും കഴിഞ്ഞദിവസവും ഉപ്പുവെള്ളമെത്തി.
പമ്പ് ചെയ്തശേഷമാണ് കനാലില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചോര്‍പ്പെട്ടി പുഴയില്‍ ഉപ്പുവെള്ളമെത്തിയതിനാല്‍ ചോര്‍പ്പെട്ടി പമ്പ് ഹൗസില്‍നിന്നുള്ള പമ്പിങ് കഴിഞ്ഞമാസവും നിര്‍ത്തിവെച്ചിരുന്നു. ചോര്‍പ്പെട്ടി പമ്പ് ഹൌസില്‍നിന്നുമാണ് വെഞ്ചാലി, കൊടിഞ്ഞി, കുണ്ടൂര്‍, ചെറുമുക്ക് പ്രദേശങ്ങളിലെ വയലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്.
എല്ലാവര്‍ഷവും പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് പൂരപ്പുഴയില്‍നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞിരുന്നത്.
പ്രളയാനന്തരം വരള്‍ച്ച അനുഭവപ്പെടുകയും തുലോം വര്‍ഷത്തില്‍ വേണ്ടത്ര മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഒരു മാസത്തിലേറെയായി കര്‍ഷകര്‍ തടയണ നിര്‍മിക്കാന്‍ മുറവിളികൂട്ടുകയാണ്. വയലുകളിലേക്ക് ഉപ്പുവെള്ളമെത്തുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തടയണ പൂര്‍ത്തിയാകുന്നതോടെ കര്‍ഷകരുടെ ഈ ആശങ്കക്ക് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."