പ്രതിഷേധാഗ്നിയില്‍ കത്തി ഡല്‍ഹിയും
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ പ്രതിഷേധാഗ്നിയില്‍ കത്തി ഡല്‍ഹിയും. വിദ്യാര്‍ഥി സമരത്തിനൊപ്പം പൊതുസമൂഹം കൂടി ചേര്‍ന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധ സമരങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷിയായത്. അതോടൊപ്പം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തതോടെ ഡല്‍ഹിയുടെ സുപ്രധാന ഭരണമേഖലയായ ല്യൂട്ടന്‍സ് ഡല്‍ഹി സ്തംഭിച്ചു.
നിയമത്തിനെതിരായ തുടര്‍ച്ചയായ പ്രതിഷേധത്തെത്തുടര്‍ന്ന് ജാമിഅ മില്ലിയ സര്‍വകലാശാല ജനുവരി അഞ്ചുവരെ അടച്ചു. എന്നാല്‍ പിരിഞ്ഞു പോകില്ലെന്നും സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു. നോട്ട് ഇന്‍ നെയിം കാംപയിന്റെ ഭാഗമായി പൗരത്വപ്പട്ടികയ്ക്കും പൗരത്വനിയമത്തിനുമെതിരായി ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ജന്തര്‍ മന്ദറില്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. പൗരത്വപ്പട്ടിക ബഹിഷ്‌കരിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.
ജാമിഅ അടച്ചിട്ടതിന് പിന്നാലെ പരീക്ഷകളെല്ലാം നീട്ടിവച്ചു. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൗരത്വനിയമം പാസാക്കിയതിന് തൊട്ടുപിന്നാലെ ജാമിഅ വിദ്യാര്‍ഥികള്‍ സമരവും ആരംഭിച്ചിരുന്നു. ജാമിഅ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കഴിഞ്ഞ ദിവസം പൊലിസ് കാംപസിന് മുന്നില്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതിന് പിന്നാലെ സമരം തുടരാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതോടെയാണ് സര്‍വകലാശാല അടച്ചിട്ടത്. ഇന്നലെ ജന്തര്‍ മന്ദറിലെ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച ജാമിഅ വിദ്യാര്‍ഥികള്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. അമിത്ഷായെ ഞങ്ങള്‍ക്ക് പേടിയില്ല, ഒന്നിനെയും പേടിക്കുന്നില്ല, ശക്തമായ സമരവുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു. സമരത്തിന് പിന്തുണയുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ തടിച്ചു കൂടിയിരുന്നു.
പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍, ആസൂത്രണക്കമ്മീഷന്‍ മുന്‍ അംഗം സയ്ദ ഹാമിദ്, നവൈദ് ഹാമിദ്, ജോണ്‍ദയാല്‍ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."