മുസ്‌ലിംവിരുദ്ധ നിയമത്തിനെതിരേ മതേതര ഇന്ത്യ ഒന്നിക്കണം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: ഇന്ത്യാ മഹാരാജ്യം ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ലെന്നും അങ്ങനെയാകാന്‍ അനുവദിക്കുകയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പൗരത്വ വിവേചനത്തിനെതിരേ സമസ്ത സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. പൗരത്വ നിയമ ഭേദഗതിയെ നിയമപരമായി നേരിടാന്‍ സമസ്ത തയാറെടുക്കുകയാണ്. അടുത്ത ദിവസം തന്നെ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും തങ്ങള്‍ പറഞ്ഞു. ഈ നിയമത്തിലൂടെ മുസ്്‌ലിം ജനവിഭാഗത്തെ ഒഴിവാക്കി നിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ മതേതര ഇന്ത്യ വിഷയത്തില്‍ ഒരുമിച്ചുനില്‍ക്കുകയാണ്.
മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണ്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ല.
സ്വന്തം ജന്മഗൃഹത്തില്‍നിന്നും ജന്മദേശത്തുനിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടിലശ്രമങ്ങള്‍ ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചുനിന്ന് ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണ്. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ 14ാം അനുച്ഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രം റദ്ദു ചെയ്യുന്നത് ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കുന്ന നടപടിയാണ്.
ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ തകര്‍ച്ച മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണമായ പതനത്തിലേയ്ക്കാണ് അതു കൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ടു രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ മുസ്‌ലിംവിരുദ്ധ നിയമത്തിനെതിരേ പോരാടാന്‍ തയാറാകണം. കഴിഞ്ഞകാലത്തെ രാഷ്ട്രീയവൈരവും നീരസങ്ങളുമെല്ലാം മറന്ന് മതേതരകക്ഷികള്‍ മുസ്‌ലിം സമുദായത്തെ ഈ ദുഃസ്ഥിതിയില്‍നിന്ന് രക്ഷപ്പെടുത്തണം.
ഈ കരിനിയമത്തിനെതിരേ ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു തീരുമാനിച്ചത് ശുഭസൂചനയാണ്. അതിലേക്ക് സമസ്തക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. സമസ്തയും ഈ പ്രക്ഷോഭത്തിന്റെ ഭാഗമാവും. ഇതിനെതിരേ പ്രതിഷേധ ഹര്‍ത്താലിനോ പ്രകടനങ്ങള്‍ക്കോ മറ്റു രീതിയില്‍ പ്രകോപനപരമായ ഒരു രീതിയിലുള്ള സമരത്തിനും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല- തങ്ങള്‍ പറഞ്ഞു. ജനങ്ങളെ പേടിപ്പിച്ച് നിയമം നടപ്പാക്കാന്‍ കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ഒരു ഭയത്തിന്റെയും ആവശ്യം ഇവിടുത്തെ ജനങ്ങള്‍ക്കില്ല. ബാബരി വിഷയത്തിലും രാജ്യത്തെ മുസ്‌ലിംകള്‍ക്കു നീതി ലഭിച്ചിട്ടില്ലെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."