പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സര്‍ക്കാരിന്റെ പൂര്‍ണ ഗ്യാരണ്ടി: മുഖ്യമന്ത്രി
തൃശൂര്‍: പ്രവാസി ഡിവിഡന്റ് പദ്ധതിയിലുള്ള നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഗ്യാരണ്ടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രവാസി ക്ഷേമബോര്‍ഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാന ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ മൂന്നു വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കുകയും നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്കോ അവകാശികള്‍ക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.
നിക്ഷേപകന്‍ അറിയാതെ തന്നെ നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയാവുകയെന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. സംസ്ഥാനത്തിന്റെ മൂലധന വിനിയോഗത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജം പകരാനും നിക്ഷേപം സഹായിക്കുന്നു.
കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക. 45000 കോടി രൂപയുടെ വികസന പദ്ധതികള്‍ അംഗീകരിച്ച കിഫ്ബി നിക്ഷേപകരുടെ പണത്തെ വലുതാക്കുമെന്നുറപ്പുണ്ട്.
ബാങ്കുകളിലെ മൃതനിക്ഷേപമായി പണം സൂക്ഷിക്കുന്നതിന് പകരം പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപത്തുക ചെറുതായാലും വലുതായാലും നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുക. ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ പദ്ധതിയുടെ പ്രത്യേകത. സര്‍ക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടി നിക്ഷേപത്തിനുറപ്പ് വരുത്താം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സുരക്ഷിതമല്ലാത്ത പദ്ധതികളില്‍ സമ്പാദ്യം നിക്ഷേപിച്ച് വഞ്ചിതരാകുന്ന പ്രവാസികളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാതലങ്ങളില്‍ ഒരു നിക്ഷേപ ഉപദേശക സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സാമ്പത്തിക വിദഗ്ധരേയും പ്രൊഫഷണലുകളേയും ഉള്‍പ്പെടുത്തിയാവും വിദഗ്ധ സമിതി രൂപീകരിക്കുക. പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള ഒരു പദ്ധതിയും വിദേശനാണയ ശേഖരം സൂക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല.
ആ പശ്ചാത്തലത്തിലാണ് പരിമിതികള്‍ക്കകത്ത് നിന്ന് പ്രവാസി ക്ഷേമം ഉറപ്പ് വരുത്താനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും ആ അര്‍ഥത്തില്‍ രാജ്യത്തിന് മാതൃകയാണീപദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ ആദ്യ നിക്ഷേപതുകയായ 40 ലക്ഷം രൂപയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രവാസിയായ ഡോ. റീമോള്‍ അലക്‌സിനുവേണ്ടി ബന്ധു തോമസ് ഡാനിയില്‍ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. പ്രമുഖ വ്യവസായികളായ ഉജാല രാമചന്ദ്രന്‍, കെ.കെ രാമകൃഷ്ണന്‍ കൊടകര, പ്രമോദ്, പ്രവീണ്‍ എന്നിവര്‍ നിക്ഷേപ തുകയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി.
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ, മേയര്‍ അജിത വിജയന്‍, ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്, കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയരക്ടര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."