കോട്ടച്ചേരി മേല്‍പ്പാലം: പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു
കാഞ്ഞങ്ങാട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിര്‍മാണം നടക്കുന്ന കോട്ടച്ചേരി മേല്‍പ്പാലം പണി അതിവേഗം പുരോഗമിക്കുന്നു. നാലുമാസത്തിനുള്ളില്‍ തീര്‍ക്കേണ്ട പൈലിങ് പണി ഒന്നരമാസത്തിനുള്ളില്‍ തീര്‍ന്നതായി കരാറുകാരായ ജിയോ ഫൗണ്ടേഷന്‍ എന്‍ജിനീയര്‍മാരും നിര്‍മാണ തൊഴിലാളികളും അറിയിച്ചു. കിറ്റ്‌കോയാണ് കണ്‍സള്‍ട്ടന്റ് ഏറ്റെടുത്തിരിക്കുന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജെസ് കോര്‍പറേഷന്‍ കേരള നിര്‍മാണാനുമതി നല്‍കിയ മേല്‍പ്പാലത്തിന്റെ പീര്‍ വര്‍ക്കുകളെന്ന് വിളിക്കുന്ന വലിയ തൂണിന്റെ എട്ടു തൂണുകളില്‍ അഞ്ചെണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്.
37 പൈലുകളാണ് മേല്‍പ്പാലത്തിനായി വേണ്ടത്. അതില്‍ 30 എണ്ണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 12 കോടിയാണ് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് അതില്‍ 30 ശതമാനം വര്‍ക്കുകളും പൂര്‍ത്തിയായതായി എന്‍ജിനീയര്‍മാരും കണ്‍സള്‍ട്ടന്റും അറിയിച്ചിട്ടുണ്ട്. 2019 ഒക്ടോബറോടെ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാവും. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജെസ് കോര്‍പറേഷന്‍ ജിയോ ഫൗണ്ടേഷനെ പണി ഏല്‍പ്പിക്കുന്നത്. സെപ്റ്റംബര്‍ 15ന് തന്നെ അടിസ്ഥാന ജോലികള്‍ ജിയോ തുടങ്ങി. ഒക്ടോബറിലാണ് പൈലിങ് ജോലികള്‍ ആരംഭിച്ചത്. മേല്‍പ്പാലത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായാല്‍ പിന്നെ റെയില്‍ പാളത്തിന് മുകളിലൂടെയുള്ള നിര്‍മാണമാണ് നടത്തേണ്ടത്. അതു സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പണി തുടങ്ങി ഒന്നരമാസത്തിനുള്ളില്‍ 30 പൈലുകളും അഞ്ച് പീര്‍ വര്‍ക്കുകളും പൂര്‍ത്തിയാവുന്നത് ആദ്യമാണെന്നും നിര്‍മാണത്തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം മൂന്നരക്കോടി രൂപയുടെ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൈല്‍ ക്യാപ്പിന്റെ പണികളും അതിവേഗത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് പണം ലഭ്യമായാല്‍ പറഞ്ഞ സമയത്ത് തന്നെ ജോലികള്‍ തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കണ്‍സള്‍ട്ടന്റും പറഞ്ഞു. നിര്‍മാണ സാധനങ്ങള്‍ സൈറ്റിലേക്കെത്തിക്കാന്‍ സൈറ്റിന്റെ പിന്നാമ്പുറത്ത് പടിഞ്ഞാറുഭാഗത്തൂടെ ഒരു മൂന്ന് മീറ്റര്‍ വഴിയുണ്ടാക്കിയതായും, എന്നാല്‍ വലിയ വാഹനങ്ങള്‍ അതിലൂടെ കടന്നുവരാന്‍ പ്രയാസമായതിനാല്‍ ചെറിയ ടിപ്പര്‍ ലോറികളില്‍ സാധനം കടത്തുകയാണെന്നും തൊഴിലാളികള്‍ അറിയിച്ചു. റെയില്‍വേ സ്ഥലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വഴി തുറന്നു കിട്ടിയാല്‍ അത് വലിയ പ്രയോജനം ചെയ്യുമെന്നും എന്‍ജിനീയറും കണ്‍സട്ടന്റുമാരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."