19 വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനം കടലാസില്‍തന്നെ
കൊല്ലം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയനെ നിയമിക്കാന്‍ തീരുമാനമായിട്ട് 19 വര്‍ഷം പിന്നിടുമ്പോഴും നടപടിയെടുക്കാതെ സര്‍ക്കാര്‍.
2001ല്‍ ഇറങ്ങിയ സ്‌പെഷല്‍ റൂള്‍സിലാണ് ആദ്യമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗ്രേഡ് മൂന്നിലും നാലിലുമുള്ള ലൈബ്രേറിയന്‍മാരെ നിയമിക്കണമെന്ന നിര്‍ദേശം വരുന്നത്. പിന്നീട് 2014ലെ പ്രൊഫ. ലബ്ബ കമ്മിറ്റിയും 2019ലെ ഖാദര്‍ കമ്മിഷനും സ്‌കൂള്‍ ലൈബ്രറിയെക്കുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷനുകളെല്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ വേണമെന്ന നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ 816 ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എയ്ഡഡ് മേഖലയിലെ 823 ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ലൈബ്രേറിയന്‍മാരുടെ തസ്തിക സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് തീരുമാനം വൈകിപ്പിക്കുന്നത്.
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം ആയിരിക്കെ സ്‌കൂള്‍ ലൈബ്രറികളുടെ ആവശ്യകത കൂടിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല.
സ്‌കൂളിലെ ഏതെങ്കിലും ഒരു അധ്യാപകനാണ് ലൈബ്രറിയുടെ ചുമതല. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ഇദ്ദേഹത്തിന് ലൈബ്രറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നടത്താനാകില്ല.
അഞ്ചാംക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പാഠഭാഗങ്ങളില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനമുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സര്‍ക്കാര്‍ 2001ല്‍ ഇറക്കിയ സ്‌പെഷല്‍ റൂള്‍സില്‍ ഉള്ളതിനാല്‍ തസ്തിക വീണ്ടും സൃഷ്ടിക്കേണ്ടതില്ല.
ലൈബ്രറി സയന്‍സ് കോഴ്‌സ് പഠിച്ച നിരവധി ആളുകള്‍ ജോലിക്കായി കാത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ മേഖലയെ തഴയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."