60-ാം സംസ്ഥാന കലോത്സവം കാസര്‍കോട്ട് നടക്കും
ചെറുവത്തൂര്‍: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു കാസര്‍കോട് ജില്ല ആതിഥ്യമരുളുന്ന ആഹ്ലാദത്തിലാണ് എല്ലാവരും. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാറില്‍ നിന്ന് കലോത്സവ പതാക ഏറ്റുവാങ്ങി.
എന്നാല്‍ മത്സരങ്ങള്‍ എത്ര ദിവസങ്ങളിലായിരിക്കും, കലോത്സവം എവിടെ നടത്തണം എന്നതിനെ കുറിച്ചൊക്കെ തീരുമാനങ്ങള്‍ പിന്നീട് മാത്രമേ ഉണ്ടാകൂ. കലോത്സവ നഗരി എവിടെയാകണമെന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. കാഞ്ഞങ്ങാടും കാസര്‍കോടും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കാഞ്ഞങ്ങാടാണെങ്കില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറിയിലാണ് പ്രധാനവേദിക്കുള്ള സൗകര്യങ്ങള്‍ കൂടുതലുള്ളത്. ടൗണ്‍ ഹാള്‍, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാന്തോപ്പ് മൈതാനി, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്വാമി നിത്യാനന്ദ പോളി ടെക്‌നിക് കോളജ്, ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍, ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍, വെള്ളിക്കോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെ പോകുന്നു വേദികള്‍ക്കുള്ള സ്ഥലങ്ങള്‍. അധികം അകലങ്ങളില്‍ അല്ലാതെതന്നെ മുപ്പതോളം വേദികള്‍ക്കുള്ള സൗകര്യങ്ങള്‍ കാഞ്ഞങ്ങാടുണ്ട്. ട്രെയിന്‍ ഉള്‍പ്പെടെയുള്ള യാത്രാസൗകര്യങ്ങളും താമസ സൗകര്യവുമുണ്ട്.
കാസര്‍കോട് താളിപ്പടപ്പ് മൈതാനമോ മുന്‍സിപ്പല്‍ സ്റ്റേഡിയമോ പ്രധാനവേദിയാക്കാം. 91ലെ കലോത്സവത്തിന് താളിപ്പടപ്പ് ആയിരുന്നു പ്രധാനവേദി. കാസര്‍കോട് ഗവ. കോളജില്‍ തന്നെ അഞ്ചോളം വേദികള്‍ ഒരുക്കാം. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം, കാസര്‍കോട് ജി.എച്ച്.എസ്.എസ്, ടൗണ്‍ ഗവ. യു.പി സ്‌കൂള്‍, തളങ്കര ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെല്ലിക്കുന്ന് ഗവ. യു.പി സ്‌കൂള്‍, താളിപ്പടപ്പ് ഗവ. യു.പി സ്‌കൂള്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളെല്ലാം വേദികള്‍ക്ക് പറ്റിയ ഇടങ്ങള്‍.
ട്രെയിന്‍ യാത്രക്കാര്‍ക്കായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുണ്ട്. കലോത്സവ നഗരി എവിടെയായാലും കൗമാരകലകളുടെ ഉത്സവം ചരിത്ര സംഭവമാക്കുമെന്നതില്‍ കാസര്‍കോട്ടുകാര്‍ക്ക് സംശയമേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."