അന്തര്‍ജില്ലാ മോഷണക്കേസുകളിലെ പ്രതി പിടിയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയായ ജിം ഷാജി എന്നു വിളിക്കുന്ന കൊല്ലം ചന്ദനതോപ്പ് പോച്ചവിള താഴത്തില്‍ ഷാജഹനെ (50) തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലിസ് പിടികൂടി. ഇതോടെ ആറ്റിങ്ങല്‍, മംഗലപുരം, കൊട്ടിയം, കുണ്ടറ, കിളിമാനൂര്‍ സ്റ്റേഷനുകളിലെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായതായി ആറ്റിങ്ങല്‍ എസ്.ഐ തന്‍സീം പറഞ്ഞു.
കണിയാപുരത്ത് ഒരുകൊല്ലം മുന്‍പ് നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഷാജഹാനും മീശമാധവന്‍ എന്ന് വിളിക്കുന്ന ഷംനാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഒളിവിലായിരുന്നതിനാല്‍ ഇവരെ പിടികൂടാനായില്ല. ഇതിനിടയില്‍ മാര്‍ച്ച് മാസം കൊല്ലം കരിക്കോട് ടി.കെ.എം കോളജിനോടു ചേര്‍ന്നുള്ള അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നും വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും അടക്കം 5 ലക്ഷം രൂപയിലധികം സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഇവര്‍ കിളിക്കൊല്ലൂര്‍ പൊലിസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജയിലിലായ ഇവര്‍ ജാമ്യത്തിലിറങ്ങി കൊല്ലം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തുകയായിരുന്നു.
ആറ്റിങ്ങല്‍ സി.ഐ എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഒളിവിലായിരുന്ന ഷാജഹാനെ പിടികൂടിയത്. ഷംനാദിനെ കിളികൊല്ലൂര്‍ പൊലിസും പിടികൂടിയിട്ടുണ്ട്. നിരവധി തവണ മോഷണക്കേസില്‍ പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ മോഷണം നടത്തുകയാണ് പതിവ്. റൂറല്‍ എസ്.പി പി.അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ, ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാര്‍, എസ്.ഐ തന്‍സീം അബ്ദുല്‍ സമദ്, ഷാഡോഎസ്.ഐ സിജു.കെ.എല്‍.നായര്‍, ഷാഡോ ഓഫിസര്‍മാരായ ദിലീപ്, ഫിറോസ്, ബിജുകുമാര്‍, ബിജു ഹക്ക്, റിയാസ്, ജ്യോതിഷ്, സന്തോഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."