പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം
തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 55ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. തൃശൂര്‍ കെ.എം ബഷീര്‍ നഗറില്‍ (കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം) രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കം കുറിച്ച സമ്മേളന പരിപാടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.
മാധ്യമ പ്രവര്‍ത്തനം തൊഴിലെന്നതിനപ്പുറം സമൂഹത്തിന്റെ ചാലകശക്തിയാണ്, എന്നാല്‍ രാജ്യദ്രോഹമെന്ന പേരില്‍ പത്രങ്ങള്‍ നിശബ്ദരാക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മന്ത്രിമാരായ വി.എസ്. സുനില്‍ കുമാര്‍, പ്രൊഫ.സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.രാജന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയിലാണ് നിലനില്‍ക്കുന്നതെന്നും ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് രാജ്യത്തെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വളരെ ആസൂത്രിതമായാണ് പൗരത്വബില്ല് പോലും നടപ്പാക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വരവ് മാധ്യമ രംഗത്ത് നല്ലതും ചീത്തയുമായ നിരവധി മാറ്റങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. അവിടെ പച്ചയായി പറയുന്ന വര്‍ഗീയതയുടെ അലകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു. ഭരണകൂടം കവചമായി മാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ക്കുണ്ടായിരുന്ന മാധ്യമ സുരക്ഷ അപ്രത്യക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം വലിയ പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തില്‍ അവയെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് മാധ്യമങ്ങളുടെ കടമയെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ പുതിയതായെന്ത് മാറ്റം കൊണ്ടുവരാമെന്ന വിഷയത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങണമെന്നും അതിലേക്ക് നയിക്കേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ അജിത വിജയന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, മുന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍, ഭാരവാഹികളായ സി.സുകുമാരന്‍,സോഫിയ ബിന്ദ്,ഷാലു മാത്യു, സെബാസ്റ്റ്യന്‍,കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി സി.മോഹനന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. എം.വി വിനീത സ്വാഗതവും മുകേഷ് ലാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."