കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന പ്രഖ്യാപനം മന്ത്രി മറന്നു: ബിന്ദുകൃഷ്ണ
കൊല്ലം: അധികാരത്തില്‍ എത്തിയാല്‍ 10 ദിവസത്തിനകം അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി മേഴ്‌സികുട്ടിയമ്മ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നത് മറന്നു പോയോ യെന്ന് ബിന്ദുകൃഷ്ണ ചോദിച്ചു. കാഷ്യൂ സ്റ്റാഫിന്റെ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഹെഡ് ഓഫിസ് പടിക്കല്‍ സ്റ്റാഫ് ജീവനക്കാര്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കശുവണ്ടി വ്യവസായത്തെ ശരിയാക്കിയ മന്ത്രി മത്സ്യമേഖലയെ പച്ചപിടുപ്പിച്ച് ശരിയാക്കാനാണോ അന്തിപ്പച്ചയുമായി ഇറങ്ങിയിരിക്കുന്നതെന്നും ബിന്ദുകൃഷ്ണ പരിഹസിച്ചു. അടഞ്ഞു കിടക്കുന്ന കാഷ്യുഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, നിയമനിഷേധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു നടത്തുന്ന ഉപവാസത്തിന് യൂനിയന്‍ വൈസ് പ്രസിഡന്റ് കാഞ്ഞിരവിള അജയകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. പി. കുഞ്ഞുമോന്‍, യൂനിയന്‍ നേതാക്കളായ കോതേത്ത് ഭാസുരന്‍, നാലുതുണ്ടില്‍ റഹീം, കുന്നത്തൂര്‍ ഗോവിന്ദപിള്ള, മോഹന്‍ലാല്‍, വള്ളികുന്നം ഷാജഹാന്‍, കീരത്തില്‍ ദിവാകരന്‍ പിള്ള, ബാബുപിള്ള സംസാരിച്ചു. മത്തായികുട്ടി, പുഷ്പന്‍മനോജ്, മൈനാഗപ്പള്ളി ഷൗക്കത്ത് ഉപവാസസമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."