'ഖുര്‍ആന്‍ കത്തിച്ചു, പള്ളികള്‍ അടച്ചുപൂട്ടി, മതപണ്ഡിതര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു, എന്നിട്ടും മുസ്‌ലിംകള്‍ മിണ്ടുന്നില്ല'- ഉയിഗുറുകള്‍ക്കെതിരായ അതിക്രമത്തില്‍ രോഷംപൂണ്ട് ഓസില്‍
ചൈനയില്‍ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍ രോഷംപൂണ്ട് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ആഴ്‌സണലിന്റെ മധ്യനിര താരം മസൂദ് ഓസില്‍. ഉയിഗുറുകള്‍ക്കെതിരെ ക്രൂരമായ അതിക്രമം അരങ്ങേറുമ്പോഴും മുസ്‌ലിം ലോകം മൗനം പാലിക്കുകയാണെന്നും ഓസില്‍ കുറ്റപ്പെടുത്തുന്നു.
'(ചൈനയില്‍) ഖുര്‍ആന്‍ കത്തിച്ചു, പള്ളികള്‍ക്ക് താഴിട്ടു, ഇസ്‌ലാമിക് മതസ്‌കൂളുകളും മദ്‌റസകളും നിരോധിച്ചു, മതപണ്ഡിതര്‍ ഓരോന്നായി കൊല്ലപ്പെടുന്നു. ഇതെല്ലാമായിട്ടും മുസ്‌ലിംകള്‍ മൗനം പാലിക്കുകയാണ്' - ജര്‍മന്‍ മഫുട്‌ബോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
''ഹിംസയ്ക്ക് അനുമതി കൊടുക്കുന്നതും ഹിംസയാണെന്ന് അവര്‍ക്കറിയില്ലേ? പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരുമകന്‍ അലി പറയുന്നത്, 'ഹിംസ നിങ്ങള്‍ക്ക് തടയാനാവില്ലെങ്കില്‍, അതിനെ നിങ്ങള്‍ വെളിച്ചത്തേക്ക് കൊണ്ടുവരൂ',''- ഓസില്‍ തുടരുന്നു.
ഓസിലിന്റെ പ്രതികരണത്തിന് അനുകൂലമായി പ്രതികൂലമായും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഓസിലിന്റെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബായ ആഴ്‌സണല്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്ലബ്ബ് എന്ന നിലയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നാണ് ആഴ്‌സണലിന്റെ നയമെന്നും ഓഫീഷ്യല്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകള്‍ക്കെതിരെ കടുത്ത രീതിയിലുള്ള വിവേചനവും അതിക്രമവുമാണ് ചൈനീസ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് യു.എന്നും മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 ലക്ഷത്തോളം ഉയിഗുര്‍ മുസ്‌ലിംകള്‍ പ്രത്യേക ക്യാംപുകളിലായും മറ്റും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."