ആയാറാമുമാരും ഗയാറാമുമാരും പുനര്‍ജനിക്കുന്നു
ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ആയാറാമുമാരും ഗയാറാമുമാരും പുനര്‍ജനിക്കുന്നു. ബീജത്തില്‍ നുള്ളിക്കളയേണ്ട രോഗമാണിത്. കൂറുമാറ്റനിരോധന നിയമത്തെ കളിയാക്കി ബിഹാറില്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു വീണ്ടും മുഖ്യമന്ത്രിയായി! ഒരു മുന്നണിയില്‍നിന്നു മാറി മറ്റൊരു മുന്നണിയുടെ മുഖ്യനായി! ഗുജറാത്ത്, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന കുതിരക്കച്ചവടത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
വ്യക്തി കൂറുമാറ്റം നടത്തിയാലും പാര്‍ട്ടി മൊത്തം കൂറുമാറ്റം നടത്തിയാലും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നെങ്കിലേ ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണക്കേട് ഇല്ലാതാകൂ. 1967 ലാണു കൂറുമാറ്റങ്ങളുടെ ലജ്ജാവഹമായ മലയിടിച്ചില്‍ ഇന്ത്യയിലുണ്ടായത്. 1967 നും 1971 നും ഇടയ്ക്കു 142 എം.പിമാരും, 1900 എം.എല്‍.എമാരും കൂറുമാറി. പക്ഷേ, ഇതു തടയാനുള്ള നിയമത്തിനു പതിനേഴു വര്‍ഷം നാം കാത്തുനില്‍ക്കേണ്ടി വന്നു.
ഇലക്ഷന്‍ കമ്മിഷന്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഏതു പാര്‍ട്ടിയിലാണോ ഉണ്ടായിരുന്നത് അതിനു മാറ്റം വരുമ്പോള്‍ സ്ഥാനം രാജിവയ്ക്കണം. ജനാധിപത്യത്തിന്റെ വിശുദ്ധി അതാണ്. എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 28, 169 അനുസരിച്ചു തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശകള്‍ തള്ളാനും കൊള്ളാനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതിനു മാറ്റം വേണം.
ഇലക്ഷന്‍ കമ്മിഷന്‍ കൈകൊള്ളുന്ന തീരുമാനങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം ഇലക്ഷന്‍ കമ്മിഷനു തന്നെയായിരിക്കണമെന്നു 2016 ലെ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വീകരിക്കപ്പെടേണ്ട ഒട്ടേറെ ഭേദഗതിനിര്‍ദേശങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്‍ മുമ്പാകെ വന്നിട്ടുണ്ട്. രാജ്യത്തിന് ഒരൊറ്റ വോട്ടര്‍ ലിസ്റ്റ് എന്നതാണ് 2011ല്‍ ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ മുമ്പാകെ വന്ന ഒരു നിര്‍ദേശം. രാജ്യത്തിന്റെ ഖജനാവിനു കോടികളുടെ ലാഭമുണ്ടാകുമെന്ന യാഥാര്‍ഥ്യം കേരള ജനവേദി എന്ന സംഘടന നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇലക്ഷന്‍ കമ്മിഷന്‍ അയച്ചുകൊടുത്ത ഈ നിര്‍ദേശം കേന്ദ്ര ലോകമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതോടെ ഇതു പ്രാബല്യത്തില്‍ വരും. രാജ്യത്തെ വോട്ടര്‍മാര്‍ക്കു ഗുണകരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ നിവേദനത്തിലുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലേ വോട്ടു ചെയ്യാന്‍ അനുവദിക്കൂ എന്ന നിബന്ധന എടുത്തുകളയണമെന്നതാണു പ്രധാനപ്പെട്ട മറ്റൊരാവശ്യം. രാജ്യം അംഗീകരിച്ച ഏതെങ്കിലും ഫോട്ടോ ഐ.ഡി. കാര്‍ഡുമായി ബൂത്തിലെത്തുന്ന വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിച്ചേ മതിയാകൂ.
വോട്ടര്‍ലിസ്റ്റിലെ പേര് രാഷ്ട്രീയശത്രുതയുടെ പേരില്‍ ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കും. എഴുത്തിലോ ടൈപ്പിങിലോ സംഭവിക്കുന്ന അബദ്ധംമൂലം പേരു വിട്ടു പോകുകയും ചെയ്യാം. ഇതു രണ്ടും ഐ.ഡി കാര്‍ഡില്‍ സംഭവിക്കില്ല. കള്ളവോട്ടു സാധ്യത വലിയൊരളവു കുറയും. ഏതു ബൂത്തിലാണു വോട്ടു രേഖപ്പെടുത്തേണ്ടതെന്നു മാത്രമേ അധികൃതര്‍ തീരുമാനിക്കേണ്ടതുള്ളൂ.
പൗരന്റെ ജനനം തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അവന്‍ വോട്ടറാകാന്‍ അര്‍ഹനായി. വോട്ടവകാശപ്രായമെത്തിയാല്‍ അധികൃതര്‍ വോട്ടര്‍ക്കു കത്തയക്കണം. കത്തു കൈപ്പറ്റുമ്പോള്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തും സമയത്തും ഫോട്ടോ പതിച്ച ഐ.ഡിക്കായി വോട്ടര്‍ ചെല്ലുകയേ വേണ്ടൂ. ഇതിന് ഏതാണ്ടു സമാനമായ നിലപാട് ഇലക്ഷന്‍ കമ്മിഷന്‍ 2012ല്‍ സ്വീകരിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ നിദേശിക്കപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ജനങ്ങള്‍ക്കു മുമ്പാകെ വയ്ക്കുന്ന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു. ഇതു തടയാന്‍ വാഗ്ദാനം ലംഘിക്കുന്ന സ്ഥാനാര്‍ഥിയെയും പാര്‍ട്ടി ഭാരവാഹികളെയും അടുത്ത അഞ്ചുവര്‍ഷത്തേക്കു മത്സരത്തിന് അയോഗ്യരാക്കണമെന്നതാണു നിര്‍ദേശം. എം.എല്‍.എയുടെ കഴിവുകേടിനു പാര്‍ട്ടി ജില്ലാകമ്മിറ്റിയും എം.പിയുടേതിന് സംസ്ഥാനകമ്മിറ്റിയും ഉത്തരവാദികളാണ്. ഇതിന് അനുസൃതമായി ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വേണം.പദ്ധതി തുക ലാപ്‌സാക്കുന്ന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാര്‍, വകുപ്പുദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കും സമാനശിക്ഷ വ്യവസ്ഥ ചെയ്യണം. തെരഞ്ഞെടുപ്പുരംഗത്തെ പണസ്വാധീനം തടയാനും മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അസ്വീകാര്യമായി തോന്നാമെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണം മാധ്യമങ്ങളില്‍ ഒതുക്കുകയെന്നതാണു നിര്‍ദേശം. പ്രചാരണം പ്രകടനപത്രികയെ അടിസ്ഥാനപ്പെടുത്തിയാകണം. അതിനുള്ള ചെലവ് ഇലക്ഷന്‍ കമ്മിഷനു വഹിക്കാവുന്നതാണ്. ഇതുമൂലം വര്‍ധിച്ചുവരുന്ന ഇലക്ഷന്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
സ്വാതന്ത്ര്യം നേടി അറുപതു വര്‍ഷമായപ്പോഴേക്കും തെരഞ്ഞെടുപ്പു ചെലവ് എത്രയോ ഇരട്ടിയായി എന്നതു നിസ്സാര കാര്യമല്ല. 3600 കോടി രൂപയാണു 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യം ചെലവിടേണ്ടി വന്നത്. ഇത് 1952ല്‍ കേവലം 10 കോടിയായിരുന്നു ജനപ്രതിനിധികളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍നിന്നു റഫറണ്ടത്തിലൂടെ അഭിപ്രായരൂപീകരണം നടത്തി മാത്രമേ തീരുമാനിക്കാവൂ. നിയമനിര്‍മാണസഭ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുമ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനുള്ള വിലപ്പെട്ട സമയം ദുര്‍വ്യയം ചെയ്യുമ്പോഴും മുഴുവന്‍ അംഗങ്ങള്‍ക്കും അത്രയും ദിവസത്തെ അലവന്‍സ് നിഷേധിക്കണം. നിയമനിര്‍മാണസഭ, അതു പാര്‍ലമെന്റായാലും തദ്ദേശസ്വയംഭരണ സ്ഥാപനമായാലും സുതാര്യമായി നടക്കണമെങ്കില്‍ ഈ നിയമം അനിവാര്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ഥി രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി, മന്ത്രിയായി തോറ്റ അതേ മണ്ഡലത്തിലെത്തുന്നതിനെ ജനാധിപത്യമെന്നു വിളിക്കരുത്. അതു ജനാധിപത്യത്തെ പരിഹസിക്കലാണ്. ലോക്‌സഭയില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ഥിയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യുകപോലും അരുത്.
പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഒപ്പുവച്ച് അംഗീകരിക്കുകയോ ഒപ്പുവയ്ക്കാതെ തിരിച്ചയക്കുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള രാഷ്ട്രപതി രാഷ്ട്രീയമില്ലാത്ത പൊതുസമ്മതനായ വ്യക്തിയായിരിക്കണമെന്നതു ജനാധിപത്യത്തിന്റെ സുതാര്യതയ്ക്ക് ഒഴിച്ചുകൂടാത്തതാണ്. ജനങ്ങള്‍ നേരിട്ടുവേണം രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കാന്‍. അത് ജനാധിപത്യസംവിധാനത്തെയും പാര്‍ലമെന്റിനെയും ശക്തിപ്പെടുത്തുമെന്നതില്‍ സംശയം വേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."