ഇന്ത്യന്‍ ജനാധിപത്യത്തിലെ ഗുജറാത്തി മാലിന്യം
ലോകത്തിനു തന്നെ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള ഇന്ത്യന്‍ ജനാധിപത്യം ചില സന്ദര്‍ഭങ്ങളില്‍ എത്രമാത്രം മലീമസമാകുമെന്നറിയാന്‍ ഇപ്പോള്‍ ആദ്യമൊന്നു ഗുജറാത്തിലേക്കും തൊട്ടുപിറകെ കര്‍ണാടകയിലേക്കും കണ്ണോടിച്ചാല്‍ മതി. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഗുജറാത്ത് നിയമസഭയിലുള്ള 44 അംഗങ്ങളെ ചോര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്താന്‍ ആ പാര്‍ട്ടിയും അവരെ ചാക്കിട്ടുപിടിക്കാന്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയും കളിക്കുന്ന കളികള്‍ ജനാധിപത്യ മര്യാദകളുടെ എല്ലാ പരിധിയും കടന്നു വിലപറച്ചിലുകളുടെ കമ്പോളനിലവാരത്തിലേക്കു തരംതാഴ്ന്നുപോയ അശ്ലീലക്കാഴ്ചകളാണ് അവിടെ കാണുന്നത്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളാണു ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ക്കു തുടക്കമിട്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറി വോട്ടു ചെയ്യിക്കാന്‍ വന്‍തോതില്‍ സമ്പത്തും പേശീബലവുമുള്ള ബി.ജെ.പിക്കു സാധിച്ചു. പിറകെ മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസ് വിട്ടു. ആറ് എം.എല്‍.എമാരും പാര്‍ട്ടിവിട്ടു പോയി. ഇവരില്‍ ഓരോരുത്തര്‍ക്കും ബി.ജെ.പി 15 കോടി രൂപ വീതം നല്‍കിയെന്ന ആരോപണം പുറത്തുവന്നിട്ടുണ്ട്.
കൂടുതല്‍ ചോര്‍ച്ച തടയാനും അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേയ്ക്കു ജയിപ്പിച്ചെടുക്കാനുള്ള മിനിമം വോട്ട് ഉറപ്പിച്ചു നിര്‍ത്താനും എം.എല്‍.എമാരെ ബംഗളൂരുവിലേക്കു കൂട്ടത്തോടെ മാറ്റുകയായിരുന്നു കോണ്‍ഗ്രസ്. പ്രതിസന്ധിഘട്ടങ്ങളില്‍ പണ്ട് തമിഴ്‌നാട്ടിലെ ദ്രാവിഡകക്ഷികളും ആന്ധ്രയിലെ തെലുഗുദേശവുമൊക്കെ പയറ്റിയ തന്ത്രംതന്നെ കോണ്‍ഗ്രസും ആവര്‍ത്തിക്കുകയാണ്. ഇതിനു പുറമെ എം.എല്‍.എമാരെ ഉറപ്പിച്ചു നിര്‍ത്താനും പണം ഒഴുക്കുന്നതിന്റെ സൂചനകളാണ് അവരെ 'ഒളിവില്‍' പാര്‍പ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്ത കര്‍ണാടകമന്ത്രിയുടെ വസതികളില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയ നോട്ടുകെട്ടുകള്‍ നല്‍കുന്നത്.
പൊതുപ്രവര്‍ത്തനം എന്ന സങ്കല്‍പത്തോടു തെല്ലും നീതിപുലര്‍ത്താത്തവരും ജയിപ്പിച്ചു വിട്ട വോട്ടര്‍മാരോടോ സ്ഥാനാര്‍ഥിത്വം നല്‍കിയ പാര്‍ട്ടിയോടോ ഒട്ടും പ്രതിബദ്ധതയില്ലാത്തവരുമായ ജനപ്രതിനിധികളും അവരെ എന്തു വിലകൊടുത്തും വാങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്ന പാര്‍ട്ടിനേതൃത്വങ്ങളും ചേര്‍ന്നു സൃഷ്ടിച്ച രാഷ്ട്രീയമാലിന്യമാണ് ഇപ്പോള്‍ ഗാന്ധിജിയുടെ നാട്ടില്‍ ചീഞ്ഞളിഞ്ഞു രാജ്യത്താകമാനം ദുര്‍ഗന്ധം പരത്തുന്നത്.
അധാര്‍മിക ഇടപാടുകള്‍ക്കു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കുവേണ്ടി പണം വാരിയെറിയാന്‍ മടിയില്ലാത്ത വാണിജ്യ, വ്യവസായ ഭീമന്മാരുടെ സാന്നിധ്യം ഇതിനൊക്കെ സൗകര്യമൊരുക്കുകയും ചെയ്യുന്നു. ധാര്‍മികത വന്‍തോതില്‍ ചോര്‍ന്നുപോയ ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഇതു പുതുമയുള്ള കാര്യങ്ങളുമല്ല. സമാനമായ കൂറുമാറ്റങ്ങളുടെയും കുതിരക്കച്ചവടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ ആ സംസ്ഥാനത്തിനുണ്ട്.
എന്തു 'വില' കൊടുത്തും സംസ്ഥാനങ്ങളില്‍ ബി.ജെ.പി ആധിപത്യം ഉറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണു കുതിരക്കച്ചവട തന്ത്രങ്ങള്‍ അരങ്ങേറുന്നതെന്നാണു സംസ്ഥാനത്തുനിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. അധികാരത്തിനു വേണ്ടി ഏതറ്റംവരെ പോകാനും മടിയില്ലെന്ന് ആ പാര്‍ട്ടി പലതവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിക്ക് കേന്ദ്രഭരണവും വന്‍കിട സാമ്പത്തികഭീമന്മാരുടെ ബന്ധുബലവുമുള്ള കാലവുമാണ്. പണത്തിനു പുറമെ അധികാരമുപയോഗിച്ചുള്ള നീക്കങ്ങളും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതിനുള്ള തെളിവായി കര്‍ണാടകമന്ത്രിയുടെ വസതിയിലെ റെയ്ഡ് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിമൂലം ബി.ജെ.പി പയറ്റുന്ന ഹീനതന്ത്രങ്ങള്‍ തന്നെയാണു നമ്മുടെ ജനാധിപത്യ സംവിധാനത്തിനു സാരമായ പരുക്കേല്‍പ്പിക്കുന്ന തരത്തില്‍ ഗുജറാത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ അസംബന്ധങ്ങള്‍ക്കു മൂലകാരണമെന്നാണു സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചന. ഇന്നു ഗുജറാത്തില്‍ കളിക്കുന്നതെല്ലാം വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ വ്യാപിപ്പിക്കുമെന്ന സൂചനയും ദേശീയമാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.
രാഷ്ട്രീയത്തില്‍നിന്നു ധാര്‍മികമൂല്യങ്ങളെ തൂത്തെറിഞ്ഞുകൊണ്ടിരിക്കുകയാണു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി. അല്ലെങ്കില്‍ തന്നെ അധികാരത്തിനായി മനുഷ്യരെ കൂട്ടക്കശാപ്പു ചെയ്യാന്‍പോലും മടിയില്ലെന്ന് ഇതേ നാട്ടില്‍തന്നെ തെളിയിച്ചവരുടെ രാഷ്ട്രീയ നിഘണ്ടുവില്‍ ധാര്‍മികത എന്ന പദത്തിന് എന്തു പ്രസക്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."