നാട്ടിന്‍പുറത്ത് കച്ചവടം വാട്‌സ് ആപ് കൂട്ടായ്മയിലൂടെ
എരുമപ്പെട്ടി: വാങ്ങുവാനും വില്‍ക്കുവാനും ഒരു വാട്‌സ് ആപ് കൂട്ടായ്മ. എരുമപ്പെട്ടി,വരവൂര്‍ പഞ്ചായത്തുകളിലെ ആറ് ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഒരു കൂട്ടം യുവാക്കള്‍ രൂപീകരിച്ച സ്പന്ദനം എന്ന വാട്‌സ് ആപ് ഗ്രൂപ്പ് ഇപ്പോള്‍ വിരല്‍ തുമ്പിലെ ചന്തയായി മാറിയിരിക്കുകയാണ്.
നേരമ്പോക്കുകള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാത്രമല്ല ഉപജീവനമാര്‍ഗം സൃഷ്ടിക്കാനും വാട്‌സ് ആപ് കൂട്ടായ്മക്ക് കഴിയും. ഇതിന് ഉദാഹരണമാണ് സ്പന്ദനമെന്ന വാട്‌സ് ആപ് കൂട്ടായ്മ. മൂന്ന് ഗ്രൂപ്പുകളിലായി ആയിരത്തിനടുത്ത് അംഗങ്ങളുള്ള ഈ വാട്‌സ്ആപ് കൂട്ടായ്മ നാട്ടിന്‍പുറ കച്ചവടങ്ങള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. തിച്ചൂര്‍-കുട്ടഞ്ചേരി, പതിയാരം - കുന്നത്തേരി, എരുമപ്പെട്ടി- കരിയന്നൂര്‍ എന്നി ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് സ്പന്ദനം പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ വിളയിക്കുന്ന ജൈവ പച്ചക്കറികളും, ബേക്കറി പലഹാരങ്ങള്‍,അച്ചാര്‍,കാടമുട്ട തുടങ്ങിയ സ്വയം തൊഴില്‍ ഉല്‍പന്നങ്ങളും, വാഹനങ്ങളും വളര്‍ത്തു മൃഗങ്ങളും ഈ കൂട്ടായ്മയിലൂടെ വിറ്റഴിക്കുന്നു. ജൈവവളമായ ചാണകം മുതല്‍ സ്വര്‍ണം വരെ വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്നുവെന്നത് ഈ കൂട്ടായ്മയ്ക്ക് ജനങ്ങളിലുള്ള സ്വാധീനമാണ് തെളിയിക്കുന്നത്. മദമിളകി പായുന്ന ആനയെ തളയ്ക്കാന്‍ ഇലക്ട്രോണിക്ക് ക്യാച്ച് ബെല്‍റ്റ് നിര്‍മിച്ച് ശ്രദ്ധേയനായ തിച്ചൂര്‍ സുരേഷിന്റെ ചിന്തയില്‍ ഉദിച്ച ഓണ്‍ലൈന്‍ ചന്തയെന്ന ആശയം ഇന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. നാട്ടിന്‍പുറത്തെ ചെറുകിട കര്‍ഷകര്‍ക്കാണ് ഈ കൂട്ടായ്മ ഏറെ പ്രയോജനപ്പെടുന്നത്.
വീടുകളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വിപണിയും വിലയും ലഭിക്കാത്ത സാഹചര്യത്തില്‍ വാട്‌സ് ആപ് ഗ്രൂപ്പ് വഴി ആവശ്യക്കാര്‍ ന്യായമായ വില നല്‍കി വാങ്ങുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. തൊഴിലാളികള്‍ക്കും മറ്റു ജോലിക്കാര്‍ക്കും നാട്ടില്‍ തന്നെ തൊഴിലവസരം ലഭിക്കാനും വാട്‌സ് ആപ് കൂട്ടായ്മ അവസരം നല്‍കുന്നു. ഇടനിലക്കാരില്ലാതെ വിപണിയും തൊഴിലും കണ്ടെത്താന്‍ സഹായിക്കുന്ന ഈ വാട്‌സ് ആപ് കൂട്ടായ്മ ഇന്ന് നാടിന്റെ യഥാര്‍ഥ സ്പന്ദനമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."