കരിഞ്ഞുണങ്ങി പോട്ടയിലെ കൃഷിയിടങ്ങള്‍
ചാലക്കുടി: കരിഞ്ഞുണങ്ങി പോട്ടയിലെ കൃഷിയിടങ്ങള്‍. അധികൃതരുടെ വാക്കുകള്‍ വിശ്വസിച്ച് നെല്‍ക്കൃഷിക്കിറങ്ങിയ ഇരുപത്തിയഞ്ചോളം കര്‍ഷകരാണ് ദുരിതത്തിലായത്. പെരിയച്ചിറ പാടത്ത് 20 ഏക്കറില്‍ 18 കര്‍ഷകര്‍ മുണ്ടകന്റെ ഞാറ് നടീല്‍ നടത്തിയിട്ട് ഇപ്പോള്‍ നാല്‍പത് ദിവം പിന്നിട്ടു. ഇതിനിടയില്‍ രണ്ടാഴ്ച മുന്‍പ് ഒരുതവണ മാത്രമാണ് കനാലിലൂടെ കൃഷിയടത്തില്‍ വെള്ളമെത്തിയത്. ഇപ്പോള്‍ ഇവിടുത്തെ കാഴ്ച ഹൃദയഭേദകം. വിണ്ടുണങ്ങിയ മണ്ണില്‍ വാടിത്തളര്‍ന്നു നില്‍ക്കുന്ന നെല്‍ച്ചെടികളെ കാണുമ്പോള്‍ ഇവിടെ കര്‍ഷകരുടെ ഇടനെഞ്ചാണ് തകരുന്നത്. സ്ഥിരമായി വെള്ളം ലഭ്യമായില്ലെങ്കില്‍ തങ്ങളുടെ മാസങ്ങളുടെ അദ്ധ്വാനം കൂടിയായിരിക്കും വൃഥാവിലാവുക എന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നു. തൊട്ടടുത്ത ആലക്കപ്പിള്ളി പാടശേഖരത്തില്‍ അഞ്ചേക്കറാണ് കൃഷിഭൂമി. രണ്ടാഴ്ച മുന്‍പ് ഇവിടേയും കര്‍ഷകര്‍ ഞാറ് വിതറി. ഇതോടൊപ്പമാണ് ചോന്യപ്പാടത്തും മുണ്ടകന്‍ കൃഷിക്ക് തുടക്കമായത്. 17 വര്‍ഷത്തോളം തരിശായി കിടന്ന ഇവിടുത്തെ പത്തേക്കറില്‍ നൂറുമേനിയുടെ പ്രതീക്ഷകളുമായാണ് കര്‍ഷകര്‍ കൃഷിക്കൊരുങ്ങിയത്. യഥേഷ്ടം വെള്ളം കിട്ടുമെന്ന കൃഷിവകുപ്പിന്റെ ഉറപ്പായിരുന്നു കര്‍ഷകസമിതിയുടെ ആത്മധൈര്യം. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പ്രതീക്ഷകള്‍ വാടിത്തളരുകയാണ്. പുഴയില്‍ ആവശ്യാനുസരണം വെള്ളം കിട്ടാത്തതാണ് ഇവിടുത്തെ പ്രശ്‌നം. പ്ലാച്ചിറ കനാലില്‍ രണ്ടാഴ്ച മുന്‍പാണ് ഏറ്റവും ഒടുവില്‍ വെള്ളം തുറന്നുവിട്ടത്. ഇങ്ങനെ പോയാല്‍ നെല്‍ക്കൃഷിയുടെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് കര്‍ഷകരെന്ന് പെരിയച്ചിറ കര്‍ഷക സമിതി ജോ.സെക്രട്ടറി അലക്‌സ് പ്രിന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."