നഗരസഭാ ചെയര്‍മാന്‍ പദവി: നിലപാട് കടുപ്പിച്ച് സി.പി.ഐ
ഗുരുവായൂര്‍: എല്‍.ഡി.എഫ് ധാരണ പ്രകാരം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ നിന്നും പ്രൊഫ. പി.കെ ശാന്തകുമാരി രാജിവച്ചൊഴിയാത്തതില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗവും സി.പി.ഐ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും സി.പി.ഐ കൗണ്‍സിലര്‍മാരും നേതാക്കളും ഇറങ്ങി പോയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സി.പി.ഐയുടെ അഞ്ചു കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചത്. എല്‍.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിന് അനുവദിച്ച ആദ്യത്തെ മൂന്നു വര്‍ഷ ടേമിലാണ് പ്രൊഫ. പി.കെ ശാന്തകുമാരിയെ ചെയര്‍മാനാക്കിയത്. എന്നാല്‍ ഈ ടേം നവംബര്‍ 18ന് പൂര്‍ത്തിയായെങ്കിലും ശാന്തകുമാരി രാജിവെക്കാതെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കടിച്ചു തൂങ്ങി വരികയാണ്. നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും തുല്യ നില കൈവന്നപ്പോളാണ് കോണ്‍ഗ്രസ് വിമതയായി ജയിച്ചു വന്ന ശാന്തകുമാരിയെ ചെയര്‍പേഴ്‌സണാക്കി നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ആദ്യത്തെ മൂന്നു വര്‍ഷം സി.പി.എമ്മും, നാലാം വര്‍ഷം സി.പി.ഐയും അഞ്ചാം വര്‍ഷം സി.പി.എമ്മും ചെയര്‍മാന്‍ പദവി കൈയാളാമെന്നതാണ് എല്‍.ഡി.എഫ് ധാരണ. എന്നാല്‍ ശാന്തകുമാരിയുടെ നിലപാട് എല്‍.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാന്തകുമാരിയെ പിണക്കിയാല്‍ ഭരണം വീഴുമെന്നതിനാല്‍ സി.പി.എം അനുനയ നീക്കമാണ് നടത്തുന്നത്. എന്നാല്‍ സി.പി.ഐ നിലപാട് കടുപ്പിക്കുന്നത് എല്‍.ഡി.എഫില്‍ വലിയപൊട്ടിത്തെറിയിലേക്ക് വഴിവെച്ചു കൊണ്ടിരിക്കയാണ്. ചെയര്‍മാന്‍ രാജിവെക്കാത്തതിനെ ചൊല്ലി കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് സി.പി.ഐ കൗണ്‍സിലര്‍മാരും, സി.പി.ഐ നേതാക്കളും ഇറങ്ങി പോയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലത്തെ നഗരസഭ കൗണ്‍സില്‍ യോഗം സി.പി.ഐ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചത്. ശാന്തകുമാരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന നിലയ്ക്ക് അധ്യക്ഷയാകുന്ന എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാന്‍ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. മുന്നണി മര്യാദ ലംഘിക്കാന്‍ സി.പി.എമ്മിന് താല്‍പര്യമില്ലെങ്കിലും ശാന്തകുമാരിയുടെ പിടിവാശിയാണ് സി.പി.എമ്മിന് തലവേദനയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."