ഫലസ്തീനിനോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍. ഇസ്രാഈല്‍ ഇന്ത്യയുടെ സുഹൃത്താണ്. എന്നാല്‍, ഫലസ്തീനിനോടുള്ള ഇന്ത്യയുടെ നിലപാടില്‍ നിന്നൊരിക്കലും താഴോട്ടു പോയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇന്ത്യയുടെ വിദേശ നയം അനുസരിച്ച് എല്ലായിടത്തും സൗഹൃദമാണുള്ളത്. ബ്രിട്ടനോടും യൂറോപ്യന്‍ യൂണിയനോടും സഊദിയോടും യെമനോടും ഇതേ ഭാവമാണുള്ളത്. ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും കാര്യത്തില്‍ ഇതേ നിലപാടു തന്നെയാണ്- മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ പുതിയ വിദേശനയം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസം നരേന്ദ്രമോദി നടത്തിയ മൂന്നുദിവസത്തെ ഇസ്രാഈല്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീനെ മാറ്റിനിര്‍ത്തിയതടക്കമുള്ള മോദിയുടെ നീക്കം പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് സുഷമയുടെ പ്രതികരണം.
വിദേശനയത്തില്‍ വന്ന കാര്യമായ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഇന്ത്യ ഇസ്രാഈലുമായി അടുക്കുമ്പോള്‍ സ്വാതന്ത്ര്യകാലം തൊട്ടുള്ള വിദേശനയത്തിലാണ് മാറ്റം വരുന്നതെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദേശ നയം കൈകാര്യം ചെയ്യുന്നത് വിദേശകാര്യ മന്ത്രാലയമല്ല, പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് പ്രതിപക്ഷം ചര്‍ച്ചക്കിടെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എത്ര തവണ വിദേശകാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിനെ വിദേശ പര്യടനങ്ങള്‍ക്ക് ഒപ്പം കൂട്ടിയിട്ടുണ്ടെന്നായിരുന്നു സുഷമ ഇതിനു മറുചോദ്യം ചോദിച്ചത്. തനിക്ക് സ്വയംഭരണാവകാശത്തോടെ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്ന പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."