അബൂ ദുജാന സൈന്യത്തോട്: 'എന്തുവേണമെങ്കിലും ചെയ്‌തോളൂ, കീഴടങ്ങില്ല'
ശ്രീനഗര്‍:ജമ്മു കശ്മിരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ അബൂ ദുജാന കൊല്ലപ്പെടും മുന്‍പ് സൈന്യത്തോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. എന്തു വേണമെങ്കിലും ചെയ്‌തോളൂ, പക്ഷേ കീഴടങ്ങില്ല എന്നാണ് സൈന്യത്തോട് ദുജാനയുടെ പ്രതികരണം.
ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുജാനയുള്‍പ്പടെ രണ്ട് ഭീകരരെ കൊലപ്പെടുത്തിയത്.
പുല്‍വാമയിലെ ഹക്രിപോറ ഗ്രാമത്തില്‍ താമസിക്കുന്ന ഭാര്യയെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ സൈന്യത്തിന്റെ വലയില്‍ വീണത്. ഗ്രാമവാസികള്‍ക്കിടയില്‍ ഇയാള്‍ക്ക് പിന്തുണയുള്ളതായി മനസിലാക്കിയ സൈന്യം പ്രദേശവാസിയുടെ ഫോണില്‍ ദുജാന ഉപയോഗിക്കുന്ന ഫോണിലേക്ക് വിളിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
ക്ഷേമാന്വേഷണം നടത്തിയശേഷം സൈനികോദ്യോഗസ്ഥന്‍ ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ദുജാന ഫോണ്‍ എടുക്കാന്‍ തയാറായിരുന്നില്ല. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ, താന്‍ കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന് ദുജാന വ്യക്തമാക്കിയത്.
കശ്മീരില്‍ ഏഴു വര്‍ഷത്തോളം ഭീകരപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചയാളാണ് അബൂ ദുജാന. 15 ലക്ഷം രൂപയാണ് ദുജാനയുടെ തലക്ക് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."