HOME
DETAILS
MAL
ശ്രദ്ധിക്കപ്പെടാതെ പോയ ഗുജറാത്ത് കലാപ റിപ്പോര്‍ട്ട്
backup
December 16 2019 | 01:12 AM
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യം ഒന്നടങ്കം ജാതി മത ഭേദമന്യേ രൂക്ഷമായ പ്രതിഷേധ സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ 2002ല്‍ ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ നടപ്പാക്കിയ മുസ്‌ലിം വംശീയഹത്യയെകുറിച്ച് ജസ്റ്റിസ് നാനാവതിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ജസ്റ്റിസ് നാനാവതി കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കലാപത്തില്‍ മോദിക്കെതിരേ ഉണ്ടായിരുന്ന എല്ലാ ആരോപണങ്ങളില്‍ നിന്നും നാനാവതി അദ്ദേഹത്തെ കരകയറ്റിയിരിക്കുകയാണ്. കലാപത്തില്‍ സര്‍ക്കാരിനോ ഏതെങ്കിലും മന്ത്രിക്കോ പങ്കില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കലാപം അടിച്ചമര്‍ത്തുന്നതില്‍ ചില പൊലിസ് ഓഫിസര്‍മാര്‍ക്ക് വീഴ്ച്ചയുണ്ടായി എന്നത് മാത്രമാണ് നാനാവതി കണ്ടെത്തിയ ഏക കുറ്റം!
2014 നവംബര്‍ 18ന് തന്നെ നാനാവതി റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ ഡിസംബര്‍ 11ന്, അതേ ദിവസം തന്നെ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് യാദൃച്ഛികമല്ല. ലോക്‌സഭയില്‍ പൗരത്വ ബില്ലിലെ നിയമ ഭേദഗതിക്കെതിരേ ചര്‍ച്ച നടക്കുമ്പോള്‍ നാനാവതിയുടെ ക്ലീന്‍ ചിറ്റ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്ന ദുഷ്ട ബുദ്ധിയാണതിന് പിന്നിലുണ്ടായത്.
ഗോധ്ര ട്രെയിന്‍ തീവയ്പ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന കലാപം ആരെങ്കിലും കാലേ കൂട്ടി ആസൂത്രണം ചെയ്തതോ ആരെങ്കിലും നേതൃത്വം നല്‍കിയതോ അല്ലെന്നാണ് റിപ്പേര്‍ട്ട് പറയുന്നത്. കലാപം തടയുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായി എന്ന ആരോപണവും കമ്മിഷന്‍ തള്ളിയിരിക്കുകയാണ്. മോദിക്കെതിരേ മൊഴി നല്‍കിയ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, രാഹുല്‍ ശര്‍മ, മലയാളിയായ ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ വാദങ്ങളെല്ലാം വെടിപ്പായി തന്നെ നാനാവതി തള്ളി.
അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യമാണ് ഈ അന്വേഷണ പ്രഹസന റിപ്പോര്‍ട്ട് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്ന്. പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്താന്‍ ബി.ജെ.പി സര്‍ക്കാരിന് ചിലപ്പോള്‍ കരുത്തു നല്‍കുന്നത് ഇത്തരം ചില അന്വേഷണ റിപ്പോര്‍ട്ടുകളും അടുത്ത കാലത്തായി വന്നു കൊണ്ടിരിക്കുന്ന ചില ന്യായ വിധികളുമായിരിക്കാം. ഗോധ്ര ട്രെയിന്‍ തീവയ്പ്പ് സംബന്ധിച്ചുള്ള സത്യാവസ്ഥ ഇപ്പോഴും കാണാമറയത്താണെന്നതാണ് വസ്തുത. ഗോധ്ര തീവയ്പ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പറഞ്ഞത് ഇതിന്റെ വില മുസ്‌ലിംകള്‍ അറിയാന്‍ പോകുന്നേയുള്ളൂവെന്നായിരുന്നു. അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്. ഗോധ്ര ട്രെയിന്‍ തീവയ്പ്പ് പ്രതികളെ പെട്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഗുജറാത്തില്‍ മുസ്‌ലിം വംശീയഹത്യ വ്യാപകമായി അരങ്ങേറുവാനും തുടങ്ങി. അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു. ഈ സംഘടിതമായ ആക്രമണത്തില്‍നിന്ന് തന്നെ വ്യക്തമായിരുന്നു മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ഗുജറാത്ത് കലാപം എന്നത്. ഗോധ്രയെ ഇതിനു വേണ്ടി ഒരുക്കിയെടുത്തതാണെന്നുമുള്ള വ്യാപക ആരോപണങ്ങളാണ് അന്ന് ഉയര്‍ന്ന് വന്നത്. അതിന് ഉപോല്‍ബലകമായ തെളിവുകളായിരുന്നു സഞ്ജീവ് ഭട്ടും രാഹുല്‍ ശര്‍മയും ആര്‍.ബി ശ്രീകുമാറും നാനാവതി കമ്മിഷന് മുമ്പാകെ നല്‍കിയത്. അവരുടെ മൊഴികളൊന്നും നാനാവതി കമ്മിഷന് അത്രയ്ക്കങ്ങ് ബോധ്യപ്പെട്ടില്ല. അതിന്റെ തിക്തഫലം ഈ മൂന്ന് ഐ.പി.എസ് ഓഫിസര്‍മാരും പില്‍ക്കാലത്ത് അനുഭവിച്ചു. സഞ്ജീവ് ഭട്ട് തന്റെ വിമര്‍ശനങ്ങള്‍ തുടര്‍ന്നപ്പോള്‍ പണ്ടത്തെ ഏതോ കേസില്‍ അദ്ദേഹം ഭാഗമല്ലാതിരുന്നിട്ട് പോലും അദ്ദേഹത്തെ പ്രതിയാക്കി ജയിലിലടച്ചു. ജാമ്യം പോലും നല്‍കാതിരിക്കാനുള്ള വകുപ്പുകളും ചേര്‍ത്തു.
കലാപങ്ങളില്‍ രണ്ടായിരത്തിലധികം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഇതിനു നേതൃത്വം നല്‍കയതാകട്ടെ മായാ ബെന്‍ കോഡ്‌നി എന്ന ഗുജറാത്ത് മന്ത്രിയും. എന്നിട്ടാണ് നാനാവതി കമ്മിഷന്‍ പറയുന്നത് മന്ത്രിമാര്‍ക്കൊന്നും കലാപത്തില്‍ പങ്കില്ലെന്ന്. കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫ്രി സഹായത്തിനായി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പലവുരു വിളിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. ജാഫ്രിയെയും അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ചവരെയും സംഘ്പരിവാര്‍ കൊലയാളികള്‍ വീട്ടില്‍ കയറി കൊല്ലുകയും വീട് അഗ്‌നിക്കിരയാക്കുകയും ചെയ്തു.
ഇതെല്ലാം ചെയ്തത് അടുത്ത ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിക്ക് അധികാരത്തില്‍ വരാന്‍ വേണ്ടിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് പരസ്യമായി തന്നെ നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുമാണ്. രാജ്യധര്‍മ്മം വിസ്മരിച്ച ഭരണാധികാരിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. ആര്‍.എസ്. എസ്, ബി.ജെ.പിയില്‍ നിയോഗിച്ച നരേന്ദ്ര മോദി ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. വാജ്‌പേയി മുന്‍കൈ എടുത്താണ് മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചത് . ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതുമായിരുന്നു. അങ്ങനെ വന്നാല്‍ താന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന എല്‍.കെ അദ്വാനിയുടെ ഭീഷണിയെ തുടര്‍ന്ന് വാജ്‌പേയിക്ക് പിന്‍വാങ്ങേണ്ടി വന്നു. ഒടുവില്‍ അതേ അദ്വാനിയെ മോദി അവഗണിക്കുന്നതാണ് കാലം കണ്ടത്. ഗുജറാത്തില്‍ പ്രയോഗിച്ച അതേ തന്ത്രമായിരുന്നു അദ്വാനിയുടെ രഥയാത്രക്ക് പിന്നിലും ഉണ്ടായിരുന്നത്. മണ്ഡല്‍ റിപ്പോര്‍ട്ടിനെ തകര്‍ത്ത് ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഭരണത്തിലേറാനുള്ള തന്ത്രമായിരുന്നു അതിന് പിന്നില്‍. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ച തന്ത്രം അദ്വാനിയുടെ രഥയാത്രയിലൂടെ ഉറപ്പിക്കുകയും ഇപ്പോഴത് പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‌ലിംകളെ രാജ്യത്തെ രണ്ടാം പൗരന്മാരാക്കി മാറ്റാന്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയുന്നു. ഈ ശ്രമങ്ങള്‍ കാണുമ്പോള്‍ ഗുജറാത്ത് ആയിരുന്നു ഇതിന്റെ പരീക്ഷണശാലയെന്ന് ഓര്‍ക്കാം. ആ നരഹത്യക്കാണ് നാനാവതി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."