കുട്ടികളുടെ ശ്രദ്ധയ്ക്ക് ഈ ച്യൂയിങ്ഗം നിങ്ങള്‍ക്കുള്ളതല്ല
കാസര്‍കോട്: ആരോഗ്യ പ്രശ്നമുണ്ടാക്കുന്നതിനാല് കുട്ടികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശമുള്ള ച്യൂയിങ്ഗം കേരള വിപണിയില്‍ വ്യാപകം. സ്വീറ്റ് പോയിസണ്‍ അടങ്ങിയതിനാല്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന നിര്‍ദേശമുണ്ടെങ്കിലും ആറിനും 16നും ഇടയിലുള്ള കുട്ടികള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായി അധ്യാപകര്‍ പറയുന്നു.
സ്കൂള്‍ പരിസരത്തുള്ള കടകളില്‍ ഇവ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. ഇതു സംബന്ധിച്ച് അധ്യാപകര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ട്രോബറി, പെപ്പര്‍ ഫ്ളേവറുകള്‍ അടങ്ങിയ ച്യൂയിങ്ഗമാണ് കേരള വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നത്. ആസ്പെര്ടെയിം എന്ന പദാര്‍ഥം അടങ്ങിയ ച്യൂയിങ്ഗം സ്വീറ്റ് പോയിസണ്‍ ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍ ഇത് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. ച്യൂയിങ്ഗത്തിന്റെ കവറിന് പുറത്ത് കുട്ടികള്‍ക്ക് കൈമാറരുതെന്ന് കമ്പനി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വ്യാപാരികളും വിദ്യാര്‍ഥികളും ഇത് ഗൗനിക്കാറില്ല.
ഈ ച്യൂയിങ്ഗം കൂടുതലായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ ഈ ച്യൂയിങ്ഗം ഉപയോഗിക്കാന്‍ പാടില്ലെന്ന് കവറിന് പുറത്ത് നിര്‍ദേശിച്ചത് കണ്ടെത്തിയത്. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."