'സെമി ഫൈനലി'ല്‍ തോറ്റമ്പി ബി.ജെ.പി; രാഹുല്‍ ഇഫക്ടില്‍ പ്രതാപകാലത്തേക്കു തിരിച്ചുവന്ന് കോണ്‍ഗ്രസ്
#സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 'സൈമി ഫൈനല്‍' ആയി വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ തോറ്റമ്പി ബി.ജെ.പി. ഒരിടത്തും ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ പാര്‍ട്ടിയെ കൈവിടുകയും ചെയ്തു.
ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശിലെ 230 അംഗനിയമസഭയിലേക്കു നടന്ന വോട്ടെടുപ്പില്‍ ഒടുവിലത്തെ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇവിടെ 110 വീതം സീറ്റുകളോടെ ഒപ്പമാണ്. ബി.എസ്.പി നാലുസീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. 230 സീറ്റില്‍ 165 സീറ്റുകളോടെ ശിവ്‌രാജ് സിങ് ചൗഹാന്‍ അധികാരത്തിലിരുന്ന സംസ്ഥാനത്താണ് ബി.ജെ.പിയുടെ അംഗബലം ഈ നിലയിലേക്കു കൂപ്പുകുത്തിയത്. 2003 മുതല്‍ സംസ്ഥാനത്ത് ബി.ജെ.പിയായിരുന്നു അധികാരത്തില്‍.
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോണ്‍ഗ്രസ്സിന് 96 ഉം ബി.ജെ.പിക്ക് 84 ഉം സീറ്റുകള്‍ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 101 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണ 163 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ പകുതി സീറ്റ് മാത്രമാണ് ലഭിച്ചത്.
ബി.ജെ.പി തുടര്‍ച്ചയായി ഭരിച്ചുവന്ന ഛത്തിസ്ഗഡിലും പാര്‍ട്ടിക്ക് അടിപതറി. ഇവിടെ മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. 90 സീറ്റുകളുള്ള ഛത്തിസ്ഗഡില്‍ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സിനു മാത്രം ഇവിടെ 57 സീറ്റുകള്‍ ലഭിച്ചു. 49 എം.എല്‍.എമാരായിരുന്നു ഇവിടെ ബി.ജെ.പിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ ലീഡ് നില ഇവിടെ 25ല്‍ ഒതുങ്ങി.
തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറമില്‍ (40 സീറ്റ്) മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നത്. ഇവിടെ 27 സീറ്റുകളുമായി മിസോ നാഷനല്‍ ഫ്രണ്ട് അധികാരം ഉറപ്പിച്ചു. കേവലം ഏഴുസീറ്റ് മാത്രമാണ് ഇവിടെ കോണ്‍ഗ്രസ്സിനു ലഭിച്ചത്. 119 സീറ്റുള്ള തെലങ്കാനയില്‍ ടി.ഡി.പിയെ കൂട്ടുപിടിച്ചെങ്കിലും കോണ്‍ഗ്രസ്സിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇവിടെ 84 സീറ്റില്‍ ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുകയാണ്. നേരത്തെ 90 സീറ്റുകളാണ് ടി.ആര്‍.എസ്സിന് ഉണ്ടായിരുന്നത്. തെലങ്കാനയിലും മിസോറമിലും കോണ്‍ഗ്രസ്സിന് വിജയിക്കാനായില്ലെങ്കിലും ബദ്ധശത്രുവായ ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളില്‍ ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആശ്വസത്തിലാണ് കോണ്‍ഗ്രസ്.
ബദ്ധവൈരികളായ കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയ മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ബി.ജെ.പി പരാജയപ്പെട്ടത്, പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിശ്രമമില്ലാതെ റാലികളില്‍ പങ്കെടുത്തിട്ടും ബി.ജെ.പി തിരിച്ചടി നേരിട്ടത് പാര്‍ട്ടിക്കും വ്യക്തിപരമായി നരേന്ദ്രമോദിക്കും കനത്ത പ്രാഹരമാണ്. പൊതുതെരഞ്ഞെടുപ്പു മുന്‍പായി ബി.ജെ.പി വിരുദ്ധ വിശാലമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിവരുന്നതിനിടെയുണ്ടായ വിജയം, ബി.ജെ.പിയെ നേരിടാന്‍ നേതൃത്വം നല്‍കുന്നതിനു കോണ്‍ഗ്രസ്സിനു മാത്രമെ കഴിയൂ എന്ന് മറ്റു പ്രതിപക്ഷ കക്ഷികളെക്കൊണ്ട് വിശ്വസിപ്പിക്കാനും കോണ്‍ഗ്രസ്സിന് കഴിഞ്ഞു.
അഞ്ചിടത്തും ഏകദേശചിത്രം വ്യക്തമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാത്തിലാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രവര്‍ത്തകര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു മുന്നിലും നൂറുകണക്കിനുപ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം നടത്തുന്നത്. മധുരം വിതരണംചെയ്തും നൃത്തംവച്ചും പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."