ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ വക്താക്കളാകുന്നു: സഈദ് നഖ്‌വി
കോഴിക്കോട്: ദേശീയ മാധ്യമങ്ങള്‍ ഭരണവര്‍ഗത്തിന്റെ വക്താക്കളായി മാറുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഈദ് നഖ്‌വി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് സര്‍ക്കാരിന്റെ ശത്രുക്കളായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഭരണകൂടത്തിനുവേണ്ടി പ്രതിപക്ഷത്തിനെതിരായ നീക്കങ്ങളാണ് നടത്തുന്നത്.
മാധ്യമങ്ങള്‍ ലോകത്താകമാനം കോര്‍പറേറ്റുകളുടെ ഭാഗമായി മാറി. രാജ്യത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി നിയമവാഴ്ചയുടെ അഭാവത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരപരാധികളായ 11,000ത്തോളം മുസ്‌ലിം കുട്ടികള്‍ വിവിധ ജയിലുകളില്‍ തടവിലാണ്. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
മോദിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യം കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. ദേശീയതലത്തില്‍ ഇടത് രാഷ്ട്രീയവും പരാജയമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായും ബംഗാളില്‍ ഒരുമിച്ചും നില്‍ക്കാനുള്ള യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടിയുടെ ആശയ പാപ്പരത്വത്തിന്റെ അവസാനത്തെ തെളിവ്. മാധ്യമപ്രവര്‍ത്തന ജീവിതത്തിനിടയില്‍ കേരളത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് കൂടുതല്‍ ആനന്ദകരമായി തോന്നിയത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭരണമുള്‍പ്പെടെ ലോകത്തിനാകമാനം മാതൃകയാക്കാവുന്ന നേട്ടങ്ങള്‍ കൈവരിച്ച നാടാണ് കേരളം. ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തങ്ങളുടെ രാജ്ഞിയുമൊന്നിച്ചുള്ള വിരുന്ന് നിഷേധിച്ച ഇംഗ്ലണ്ടിന്റെ നടപടി ശ്രദ്ധേയമാണ്. മുസ്‌ലിമായ ലണ്ടന്‍ മേയറെ പരിഗണിച്ചാണ് ഇംഗ്ലണ്ട് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."